ബാര്‍സിലോണ: ഇന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മറ്റൊരു തകര്‍പ്പന്‍ അങ്കം. ബാര്‍സിലോണയും ചെല്‍സിയും മുഖാമുഖം. ജയിക്കുന്നവര്‍ക്ക് യൂറോപ്പിലെ ക്ലബ് ജേതാക്കളെ നിശ്ചയിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വന്തമാക്കാം. പരാജിതര്‍ക്ക് മടങ്ങാം. ചെല്‍സിയുടെ മൈതാനത്ത് നടന്ന ആദ്യപാദ മല്‍സരം 1-1 ല്‍ കലാശിക്കുകയായിരുന്നു. പക്ഷേ ലിയോ മെസി നേടിയ ആ എവേ ഗോള്‍ ആനുകൂല്യം ഇപ്പോള്‍ തന്നെ ബാര്‍സക്കുണ്ട്.
മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചാല്‍ പോലും ഈ എവേ ഗോള്‍ ആനുകൂല്യത്തില്‍ ഏര്‍ണസ്റ്റ് വെല്‍വാര്‍ഡോയുടെ സംഘത്തിന് ക്വാര്‍ട്ടര്‍ കളിക്കാം. സ്വന്തം മൈതാനത്ത് കളിക്കുന്ന മെസിക്കും സംഘത്തിനും തന്നെയാണ് ഇന്നത്തെ അങ്കത്തില്‍ വലിയ മുന്‍ത്തൂക്കം. നുവോ കാമ്പില്‍ അവരെ തോല്‍പ്പിക്കുക എളുപ്പമുള്ള ജോലിയല്ല. അന്റോണിയോ കോണ്ടെ പരിശീലിപ്പിക്കുന്ന ചെല്‍സി സംഘം താരനിബിഡമാണ്. വില്ലിയനും സെസ്‌ക്ക് ഫാബ്രിഗസും ഈഡന്‍ ഹസാര്‍ഡുമെല്ലാം സംഘത്തിലുണ്ട്. പക്ഷേ സ്ഥിരതയില്‍ നീലപ്പട പിറകിലായതിനാല്‍ അസാമാന്യം പ്രകടനം നടത്തിയാല്‍ മാത്രമാണ് രക്ഷ. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1-15 നാണ് കളി ആരംഭിക്കുന്നത്. ടെന്‍ രണ്ടില്‍ കളിയുടെ തല്‍സമയ കവറേജുണ്ട്. പ്രതീക്ഷയോടെയാണ് ബാര്‍സ പരിശീലകന്‍ വെല്‍വാര്‍ഡോ സംസാരിക്കുന്നത്. അതിന് കാരണവുമുണ്ട്. ലാലീഗയില്‍ വ്യക്തമായ കുതിപ്പാണ് ബാര്‍സ നടത്തുന്നത്. അവസാന മല്‍സരത്തില്‍ മെസി ഇല്ലാതിരുന്നിട്ടും ടീം രണ്ട് ഗോളിന് മലാഗയെ തകര്‍ത്തിരുന്നു. അതിന് തൊട്ട് മുമ്പ് നടന്ന മല്‍സരത്തിലാവട്ടെ ശക്തരായ അത്‌ലറ്റികോ മാഡ്രിഡിനെ മെസിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളില്‍ പരാജയപ്പെടുത്തുകയും ചെയ്തു. രണ്ട് കിരീടങ്ങളാണ് തന്റെ ലക്ഷ്യമെന്ന് കോച്ച് പറയുകയും ചെയ്തിരിക്കുന്നു. ലാലീഗ പ്രഥമ പരിഗണന. അത് കഴിഞ്ഞാല്‍ ചാമ്പ്യന്‍സ് ലീഗ്. നിലവില്‍ യൂറോപ്പിലെ ജേതാക്കള്‍ ബാര്‍സയുടെ ബദ്ധ ശത്രുക്കളായ റയല്‍ മാഡ്രിഡാണ്. അവരില്‍ നിന്നും കിരിടം തിരിച്ചുപിടിക്കുക എന്നതാണ് മെസിയുടെയും സംഘത്തിന്റെയും വലിയ മോഹം. പി.എസ്.ജിയെ ഇരുപാദ പ്രി ക്വാര്‍ട്ടറില്‍ തകര്‍ത്ത് റയല്‍ ഇതിനകം ക്വാര്‍ട്ടര്‍ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. കുടുംബത്തിലെ പുതിയ അംഗത്തിന്റെ വരവോടെ സന്തോഷവാനായ മെസി ഇന്നലെ പരിശീലനത്തില്‍ സജീവമായിരുന്നു. കൂട്ടിന് ലൂയിസ് സുവാരസ്, ഫിലിപ്പോ കുട്ടീന്യോയുമെല്ലാമുണ്ട്. ഈ മുവര്‍ സംഘമാണ് ടീമിനെ നയിക്കുന്നത്.