X

2030 ലോകകപ്പിനായി ലാറ്റിനമേരിക്കന്‍ സഖ്യം

സൂറിച്ച്: 2030ലെ ഫുട്ബോള്‍ ലോകകപ്പിന് സംയുക്ത ആതിഥേത്വം വഹിക്കാനായി അപേക്ഷ സമര്‍പ്പിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. അര്‍ജന്റീന, ചിലെ, യുറഗ്വായ്, പരാഗ്വെ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ രംഗത്തെത്തിയത്. ഹുണ്ടോസ് 2030 എന്നപേരിലാണ് നാല് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് സംയുക്ത ആതിഥേയത്വത്തിനു ശ്രമിക്കുന്നത്. ഇതില്‍ പാരാഗ്വേക്ക് മാത്രമേ ഇതുവരെ ലോക കപ്പ് മത്സരങ്ങള്‍ സംഘടിപ്പിച്ചു മുന്‍ പരിചയം ഇല്ലാത്തതുള്ളൂ. യുറഗ്വായ് 1930 ലെ പ്രഥമ ലോക കപ്പും ചിലെ 1962 ലും അര്‍ജന്റീന 1978 ലും വിജയകരമായി മത്സരങ്ങള്‍ നടത്തിയ രാജ്യങ്ങളാണ.

1930ല്‍ തുടങ്ങിയ ഫുട്ബോള്‍ ലോകകപ്പിന്റെ നൂറാം വാര്‍ഷികമാണ് 2030ല്‍ നടക്കാന്‍ പോകുന്നത്. ലാറ്റിനമേരിക്കയിലെ ഫുട്ബോള്‍ ശക്തിയായ ബ്രസീല്‍ ആതിഥേയത്വത്തിനായി ശ്രമിക്കുന്ന ഈ കൂട്ടായ്മയിലില്ല എന്നത് ശ്രദ്ധേയമാണ്. 2014ലെ ഫുട്ബോള്‍ ലോകകപ്പിന് ബ്രസീല്‍ തനിച്ച് ആതിഥേയത്വം വഹിച്ച പശ്ചാത്തലത്തിലാണ് കൂട്ടായ്മയില്‍ നിന്ന് ബ്രസീലിനെ ഒഴിവാക്കിയതെന്നാണ് സൂചന. ചരിത്രത്തിലെ ആദ്യ ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരായത് യുറുഗ്വായ് ആണ്. പോര്‍ച്ചുഗല്‍, സ്പെയിന്‍, യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങളും 2030ലെ ഫുട്ബോള്‍ ലോകകപ്പിന് സുയുക്ത ആതിഥേയത്വത്തിനായി ശക്തമായി രംഗത്തുണ്ട്.

ഇവര്‍ക്ക് പുറമെ സഊദി അറേബ്യയും മൊറോക്കോയും ലോകകപ്പിന് സംയുക്ത ആതിഥേയരാകാന്‍ രംഗത്തെത്തിയേക്കുമെന്നും സൂചനയുണ്ട്. 2024 ല്‍ ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന എഴുപത്തി നാലാമത് ഫിഫ കോണ്‍ഫറന്‍സിലാകും 2030ലെ ലോകകപ്പ് ആതിഥേയരെ ഫിഫ തിരഞ്ഞെടുക്കുക. യുവേഫയുടെ പിന്തുണയോടെയാണ് സ്പെയിന്‍-പോര്‍ച്ചുഗല്‍-യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങള്‍ ലോകകപ്പിന് സംയുക്ത ആതിഥേയത്വത്തിനായി ശ്രമിക്കുന്നത്. സഊദിക്കും മൊറോക്കോക്കും പുറമെ ഈജിപ്തും ഗ്രീസും ലോകകപ്പ് ആതിഥേയത്വത്തിനായി ശ്രമിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം മധ്യേഷ്യയിലെ ആദ്യ ലോകകപ്പിന് ആതിഥേയരായി ഖത്തര്‍ ചരിത്രം കുറിച്ചിരുന്നു.

2026ലെ ലോകകപ്പിന് അമേരിക്ക, മെക്സിക്കോ, കനഡ എന്നീ രാജ്യങ്ങളാണ് സംയുക്ത ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് മൂന്ന് രാജ്യങ്ങളിലായി ലോകകപ്പ് നടക്കാന്‍ പോകുന്നത്. 100 വര്‍ഷങ്ങള്‍ക്കു ശേഷം തുടങ്ങിയ ഇടത്തു തന്നെ ലോകകപ്പ് തിരിച്ചെത്തുന്നതിലും വലിയ സന്തോഷമില്ലെന്ന് അര്‍ജന്റീന പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. സംയുക്ത ആതിഥേയത്വത്തിനായി ബൊളീവിയയെ കൂടി തങ്ങളുടെ കൂട്ടായ്മയില്‍ ചേര്‍ക്കുന്ന കാര്യം പരിഗണനയിലാണെന്നും ഫെര്‍ണാണ്ടസ് വ്യക്തമാക്കിയിരുന്നു.

webdesk11: