ഖത്തര്‍ ലോകകപ്പിലെ ആദ്യ ലാറ്റിനമേരിക്കന്‍ ഏഷ്യാ പോരാട്ടം ഒരു ദിവസം മുമ്പ് ലുസൈല്‍ സ്‌റ്റേഡിയത്തിലായിരുന്നു. ലാറ്റിനമേരിക്കന്‍ പ്രബലരായ അര്‍ജന്റീനക്കാരെ ആ മല്‍സരത്തില്‍ ഏഷ്യക്കാരായ സഊദി അറേബ്യ തകര്‍ത്തു കളഞ്ഞു. ഇന്ന് ലാറ്റിനമേരിക്കയിലെ യുറഗ്വായും ഏഷ്യയിലെ കൊറിയക്കാരും എഡ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ മുഖാമുഖം. പോര്‍ച്ചുഗല്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എച്ചില്‍ നിന്നും യോഗ്യത നേടാന്‍ ജയിച്ചിരിക്കണം രണ്ട് പേര്‍ക്കും. പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനായി കളിക്കുന്ന സണ്‍ ഹ്യുംഗ് മിന്‍ തന്നെ കൊറിയയുടെ തുരുപ്പ് ചീട്ട്.
ചാമ്പ്യന്‍സ് ലീഗില്‍ മാര്‍സലിക്കെതിരെ കളിക്കവെ പരുക്കേറ്റ താരം ഇന്നിറങ്ങുന്നത് നേത്ര കവചം ധരിച്ചായിരിക്കും. കണ്‍പുരിക തടത്തിലായിരുന്നു പരുക്ക്. സണ്‍ മാത്രമാണ് കൊറിയന്‍ സംഘത്തിലെ അനുഭവ സമ്പന്നന്‍. അതേ സമയം യുറഗ്വായ് സംഘത്തിന്റെ കരുത്ത് എഡിസണ്‍ കവാനി, ലൂയിസ് സുവാരസ് തുടങ്ങിയവര്‍ തന്നെ. കവാനിക്ക് കണങ്കാലിന് പരുക്കുണ്ട്. അതിനാല്‍ ഇന്ന് കളിക്കുന്ന കാര്യത്തില്‍ ഉറപ്പില്ല.