X

വർ​ഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചു, ലതികയെ അറസ്റ്റ് ചെയ്യണം: കെ കെ രമ

 വ്യാജ സ്ക്രീൻഷോട്ട് പോസ്റ്റ് പ്രചരിപ്പിച്ച സിപിഎം നേതാവ് കെ കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കെ കെ രമ എംഎൽഎ. ലതികയുടെ എഫ്ബി പോസ്റ്റാണ് കൂടുതലായി ഷെയർ ചെയ്യപ്പെട്ടത്. തെരഞ്ഞെടുപ്പു കാലത്ത് വർ​ഗീയ ചേരിതിരിവുണ്ടാക്കാനാണ് ശ്രമിച്ചതെന്നും കെ കെ രമ ആരോപിച്ചു.

ലതികയുടെ പേജിൽ നിന്നും വന്നു എന്നതുകൊണ്ട് നാട്ടിൽ ഇത്രയധികം പ്രശ്നങ്ങളുണ്ടാകാൻ കാരണമായി. ഇത്രയും പ്രശ്നങ്ങളുണ്ടാക്കിയിട്ട് ഇപ്പോൾ പിൻവലിച്ചത് അം​ഗീകരിക്കാനാകില്ല. തെറ്റാണെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് ഇപ്പോൾ പിൻവലിച്ചത്. വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച ലതികയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും രമ ആവശ്യപ്പെട്ടു.
അതേസമയം വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ കെ ലതിക പിൻവലിച്ചു. സ്ക്രീന്‍ഷോട്ട് എഫ്ബി പേജിൽ നിന്നും പിന്‍വലിച്ച ലതിക, ഫെയ്സ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്യുകയും ചെയ്തു. പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥികരിച്ചിട്ടും സ്‌ക്രീന്‍ഷോട്ട് ഫെയ്സ്ബുക്കില്‍ നിന്ന് ലതിക പിന്‍വലിക്കാത്തതിനെതിരെ യുഡിഎഫ് രംഗത്തു വന്നിരുന്നു.
ലതികക്കെതിരെ കേസ് എടുക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്ക്രീന്‍ഷോട്ട് പിന്‍വലിച്ച് ഫെയ്സ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തത്. ലതികയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെട്ട കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിം അല്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

webdesk13: