X

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ജന്‍ ആക്രോഷ് റാലികള്‍ക്ക് നാളെ തുടക്കം

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാറിന്റെ ഭരണപരാജയം തുറന്നു കാട്ടാന്‍ കോണ്‍ഗ്രസ് നടത്തുന്ന ജന്‍ ആക്രോഷ് റാലികള്‍ക്ക് നാളെ തുടക്കം. 18 വര്‍ഷത്തെ ബി.ജെ. പി ഭരണത്തില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കുകയാണ് ജന്‍ ആക്രോഷ് റാലികളുടെ ലക്ഷ്യമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് പറഞ്ഞു. ശിവരാജ് സിങ് ചൗഹാ ന്‍ സര്‍ക്കാറിന്റെ ഭരണപരാജയങ്ങള്‍ എണ്ണിപ്പറയുന്ന കുറ്റപത്രം കഴിഞ്ഞ ആഗസ്തില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു. ഇതില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ജന്‍ ആക്രോഷ് റാലിയുടെ ലക്ഷ്യം. 225 മാസം നീണ്ട ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാറിന്റെ ഭരണത്തില്‍ 254 അഴിമതികള്‍ സംസ്ഥാനത്ത് അരങ്ങേറിയതായി കോണ്‍ഗ്രസ് പുറത്തിറക്കിയ കുറ്റപത്രത്തില്‍ ഉന്നയിക്കുന്നുണ്ട്.

50,000 കോടിയുടെ ഖനി അഴിമതി, 86,000 കോടിയുടെ മദ്യ അഴിമതി, 11,000 കോടിയുടെ അഴുക്കുചാല്‍ അഴിമതി, 94,000 കോടിയുടെ ഇലക്ട്രിസിറ്റി അഴിമതി, 100 കോടിയുടെ മഹാകാല്‍ കോറിഡോര്‍ അഴിമതി തുടങ്ങി സംസ്ഥാന സര്‍ക്കാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ പട്ടിക തന്നെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനു പുറമെ ശിവരാജ് സിങിന്റെ ഭരണകാലത്ത് 58,000 സ്ത്രീകള്‍ സംസ്ഥാനത്ത് ബലാത്സംഗത്തിനിരയായതായും 67,000 പേര്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ കുത്തനെ ഉയര്‍ന്നതായും കണക്കുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നു. ഇത്തരം വിഷയങ്ങള്‍ താഴെ തട്ടില്‍ ചര്‍ച്ചയാക്കുകയാണ് ജന്‍ ആക്രോഷ് റാലിയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 230 നിയമസഭാ മണ്ഡലങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടാണ് 11,400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജന്‍ ആക്രോഷ് റാലിയുടെ റൂട്ട്മാപ്പ് തയ്യാറാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ ഏഴ് മേഖലകളാക്കി തിരിച്ച് ഏഴിടത്തുനിന്നാണ് ഒരേ സമയം യാത്ര ആരംഭിക്കുന്നത്. 15 ദിവസം കൊണ്ടാണ് യാത്ര പൂര്‍ത്തിയാവുക. പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിങ്, മുന്‍ സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ യാദവ്, മുന്‍ മന്ത്രിമാരായ കമലേശ്വര്‍ പട്ടേല്‍, ജിത്തു പട്വാരി, അജയ് സിങ്, മുന്‍ കേന്ദ്രമന്ത്രിമാരായ സുരേഷ് പഞ്ചൗരി, കാന്തിലാല്‍ ഭൂരിയ എന്നിവരാണ് യാത്രയെ നയിക്കുക.

webdesk11: