ലാറ്ററല്‍ എന്‍ട്രിയിലൂടെ ബിജെപിയുടെ സംവരണ വിരുദ്ധമുഖം രാഹുല്‍ ഗാന്ധി തുറന്നുകാട്ടിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കേന്ദ്ര സര്‍വീസുകളില്‍ സംവരണതത്ത്വം അട്ടിമറിക്കപ്പെടുന്ന മോദി സര്‍ക്കാരിന്‍റെ ലാറ്ററല്‍ എന്‍ട്രി നിയമനം പിന്‍വലിക്കാന്‍ രാഹുല്‍ ഗാന്ധിക്കും ഇന്ത്യ സഖ്യത്തിനും സാധിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ നിലപാടിന് രാജ്യത്തെ ജനങ്ങളുടെ പിന്തുണ ലഭിക്കുന്നുയെന്ന ബോധ്യത്തിലാണ് മോദി സര്‍ക്കാരിന്‍റെ നിലപാട് മാറ്റം. ബിജെപിയുടെ സംവരണ വിരുദ്ധ മുഖം തുറന്നുകാട്ടാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. സംവരണ തത്ത്വങ്ങളെ മറികടന്ന് ഉന്നത പദവികളിലേക്ക് ബിജെപിക്ക് താല്‍പര്യമുള്ളവരെ എത്തിക്കാനുള്ള എളുപ്പ വഴിയായാണ് ലാറ്ററല്‍ എന്‍ട്രിയെ മോദി സര്‍ക്കാര്‍ കണ്ടത്. പട്ടികജാതി-പട്ടിക വര്‍ഗ-പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സംവരണം നിഷേധിക്കുന്ന നീക്കമാണ് മോദി സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് നടന്നതെന്നും എംപി കുറ്റപ്പെടുത്തി.
സിവില്‍ സര്‍വീസ് മേഖലയെ സ്വകാര്യവത്കരിക്കാനുള്ള മോദിയുടെ നീക്കമാണ് ഇന്ത്യ സഖ്യം തകര്‍ത്തത്. ഭരണഘടനയെ നോക്കുകുത്തിയാക്കി അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് മോദി ഭരണകൂടം നടത്തിയതെന്നും രാജ്യത്തിന്‍റെ സമ്പത്ത് കൊള്ളയടിക്കുന്നതിനായി പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കളമൊരുക്കിയ മോദിക്ക് പ്രതിപക്ഷ ശക്തിക്കളുടെ മുന്നില്‍ മുട്ടുമടക്കേണ്ടി വന്നുയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ നല്‍കുന്ന സംവരണത്തില്‍ നിന്നൊഴിവാക്കാനും ഇതേ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ചില ജാതികള്‍ക്ക് മുന്‍ഗണനയും പ്രത്യേക ക്വാട്ടയും അനുവദിക്കാനും നിര്‍ദ്ദേശിക്കുന്ന സുപ്രീം കോടതി ഉത്തരവ് ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതാണ്. സുപ്രീകോടതിയുടെ ഈ വിധി ഭരണഘടന അംഗീകരിച്ച സംവരണതത്ത്വത്തിന് എതിരാണ്. അതിനാല്‍ ഈ വിഷയത്തില്‍ സുതാര്യവും ശാസ്ത്രീയമായ പഠനം അനിവാര്യമാണെന്നും സംവരണത്തില്‍ ഉപസംവരണം അനുവദിക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.
സുപ്രീം കോടതി നിര്‍ദ്ദേശിച്ച ഉപവര്‍ഗീകരണം നടത്തണമെങ്കില്‍ തന്നെ ജാതി സെന്‍സസ് അനിവാര്യമാണ്. സുപ്രീംകോടതി വിധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്താന്‍ തയ്യാറാകണം. എസ്സി-എസ്ടി വിഭാഗങ്ങളില്‍ ക്രിമിലെയര്‍ വിഭജനം വേണ്ടെന്ന വിധി നിലനില്‍ക്കെ അതിലും കുറഞ്ഞ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ബെഞ്ച് ക്രിമിലെയര്‍ വിഭജനം വേണമെന്ന് വിധിച്ചത് ഭാവിയില്‍ കൂടുതല്‍ നിയമ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി.