കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് ഒന്‍പത് ജീവനുകള്‍. അതില്‍ എട്ടുപേര്‍ കാട്ടാന ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരാണ്. 2024 ഫെബ്രുവരി 10നായിരുന്നു മാനന്തവാടിയില്‍ അജീഷ് കാട്ടനക്കലിക്ക് ഇരയാവുന്നത്. ബേലൂര്‍ മഖ്‌നയെന്ന മോഴയാനയാണ് അജീഷിന്റെ ജീവനെടുത്തത്.
അജീഷിന്റെ മരണം ഞെട്ടലോടെയാണ് നാട് കേട്ടത്. പിന്നാലെ പ്രതിഷേധം അണപൊട്ടിയൊഴുകി. ഇതിന് പിന്നാലെ ഫെബ്രുവരി 16ന് കുറുവ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പോള്‍ മറ്റൊരാനയുടെ ആ്രകമണത്തില്‍ കൊല്ലപ്പെട്ടു. മാര്‍ച്ച് 28ന് വടുവന്‍ചാലിന് സമീപം സുരേഷിന്റെ ഭാര്യ മിനിയും ജൂലൈ 16ന് കല്ലുമുക്ക് മാറോട് കോളനിയിലെ രാജുവും കാട്ടാനക്കലിയില്‍ കൊല്ലപ്പെട്ടു.
നവംബര്‍ മൂന്നിന് കാട്ടാനയുടെ മുന്നില്‍ അകപ്പെട്ട വനംവകുപ്പ് വാച്ചര്‍ ശശാങ്കന്‍ പുഴയില്‍ വീണുമരിച്ചു. ജനുവരി എട്ടിന് പാതിരി റിസര്‍വ് വനത്തില്‍ കര്‍ണാടക സ്വദേശി വിഷ്ണുവിനെ കാട്ടാന കുത്തിക്കൊന്നു. 24ന് കടുവയും മറ്റൊരു ജീവനെടുത്തു. പഞ്ചാരക്കൊല്ലിയിലെ രാധയെയാണ് കടുവ കൊന്നത്. കഴിഞ്ഞ ദിവസം കാപ്പാട് ഉന്നതിയിലെ മാനുവും ഇന്നലെ അട്ടമലയിലെ ബാലകൃഷ്ണനും ജീവന്‍ നഷ്ടപ്പെട്ടു.
അതിനിടെ കാട്ടാന ഉള്‍പ്പെടെ വന്യജീവികളുടെ ആക്രമണത്തില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമായതോടെ വയനാട്ടിലെ മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. കാടിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ അടിക്കാട് വെട്ടാനും മറ്റു നടപടികള്‍ക്കുമായി ഈ തുക ഉപയോഗിക്കാം.
ജനുവരി 24ന് കടുവയുടെ ആക്രമണത്തില്‍ വയനാട് പഞ്ചാരക്കൊല്ലി സ്വദേശിയായ യുവതി കൊല്ലപ്പെട്ടതിനു പിന്നാലെ 26നു ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലെടുത്ത തീരുമാനത്തിലാണ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. യോഗത്തില്‍ പങ്കെടുത്ത വയനാട് കലക്ടറാണ് 50 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.
ദിവസേനയെന്നോണം ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടക്കുകയാണ് ജില്ലയില്‍. അതേസമയം, അവശ്യ സര്‍വിസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നീ ആവശ്യങ്ങള്‍ക്കുള്ള യാത്രകളെയും ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കളും ബസുടമകളും അറിയിച്ചിട്ടുണ്ട്.