X

കഴിഞ്ഞ സീസണിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്

ലിവര്‍പൂളിനെതിരായ വിജയത്തോടെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ പടിവാതിലിലാണ് ബാഴ്‌സലോണ. ലിവര്‍പൂളിനെതിരെ മൂന്നു ഗോളിന്റെ ജയം ഏതു ടീമിനെ സംബന്ധിച്ചും നല്ലൊരു നേട്ടമാണ്. ലിവര്‍പൂളിന്റെ മൈതാനത്തു വച്ചു നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ ഒരു എവേ ഗോള്‍ നേടി മത്സരം പൂര്‍ണമായും തങ്ങളുടെ വരുതിയിലാക്കാനായിരിക്കും ഇനി ബാഴ്‌സലോണ ശ്രമിക്കുക. ഫൈനലിലെത്താന്‍ നാലു ഗോളുകള്‍ നേടണമെന്ന സമ്മര്‍ദ്ദത്തില്‍ ഇറങ്ങുന്ന ലിവര്‍പൂളിന്റെ പാളിച്ചകള്‍ മുതലെടുക്കുകയെന്നത് ബാഴ്‌സയെ സംബന്ധിച്ച് അടുത്ത പാദത്തില്‍ നിര്‍ണായകമാണ്. ആദ്യ പാദത്തില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ മികച്ച വിജയം സ്വന്തമാക്കിയെങ്കിലും മതിമറക്കാന്‍ ബാഴ്‌സലോണക്ക് ഇപ്പോഴും കഴിയില്ലെന്നാണു പരിശീലകന്‍ വാല്‍വെര്‍ദെ പറയുന്നത്. കഴിഞ്ഞ സീസണില്‍ റോമക്കെതിരെയുണ്ടായ തോല്‍വി മറക്കരുതെന്നും അടുത്ത പാദത്തിനു മികച്ച രീതിയില്‍ തയ്യാറെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം മത്സരത്തിനു ശേഷം പറഞ്ഞു. ചില സമയത്ത് മത്സരത്തില്‍ നമുക്ക് ആധിപത്യം പുലര്‍ത്താന്‍ കഴിയുമെങ്കില്‍ ചില സമയത്തതു നേരെ തിരിച്ചായിരിക്കും. ഈ മത്സരത്തില്‍ തന്നെ പല സമയത്തും അവരാഗ്രഹിച്ച പോലെ കളിക്കാന്‍ ലിവര്‍പൂളിനു കഴിഞ്ഞിട്ടുണ്ട്. രണ്ടാം പാദത്തില്‍ കരുതലോടെ കളിച്ചാല്‍ മാത്രമേ ഈ ലീഡ് നിലനിര്‍ത്തി ഫൈനല്‍ പോരാട്ടത്തിനു ഇടം പിടിക്കാനാവു. വാല്‍വെര്‍ദെ മത്സരശേഷം മാധ്യമങ്ങളോടു പറഞ്ഞു.കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദ മത്സരത്തില്‍ റോമയോട് ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബാഴ്‌സലോണ വിജയം നേടിയത്. മൂന്നു ഗോള്‍ ലീഡിന്റെ ആത്മവിശ്വാസവുമായി രണ്ടാം പാദം കളിക്കാനെത്തിയ ബാഴ്‌സയെ റോമ തകര്‍ത്തിരുന്നു.

Test User: