അല്‍ ജനുബ് സ്‌റ്റേഡിയത്തില്‍ ഇന്ന് യുറഗ്വായ് സോക്കറിലെ ഗോള്‍ഡന്‍ തലമുറയിലെ ലൂയിസ് സുവാരസ്, എഡിസണ്‍ കവാനി, ഡിയാഗോ ഗോഡിന്‍ തുടങ്ങിയവര്‍ക്കെല്ലാം അവസാന മല്‍സരമാവുമോ…? ഇന്ന് ലോകകപ്പ് ഗ്രൂപ്പ് തലത്തിലെ അവസാന മല്‍സരമാണ് യുറഗ്വായ് കളിക്കുന്നത്.
പ്രതിയോഗികള്‍ ശക്തരായ ഘാന. ഇന്ന് ജയിച്ചാലും നോക്കൗട്ട് സാധ്യത ഉറപ്പില്ലാത്തവരാണ് യുറഗ്വായ്. ഒരു പോയിന്റ് മാത്രമാണ് സമ്പാദ്യം. അതേ സമയം ഘാന ശക്തരാണ്. അവസാന മല്‍സരത്തില്‍ കൊറിയയെ തകര്‍ത്തവര്‍. മുഹമ്മദ് കുദ്ദൂസിനെ പോലുള്ള യുവതാരങ്ങളുടെ കരുത്തിലാണ് അവരുടെ മുന്നേറ്റം. സുവാരസിനെ അവസാന മല്‍സരത്തില്‍ അവസാന ഇരുപത് മിനുട്ടില്‍ മാത്രമാണ് കോച്ച് കളിപ്പിച്ചത്. കവാനിയാവട്ടെ ആദ്യ ഇലവനില്‍ നായകനായി കളിച്ചിരുന്നു.
ഇരുവരും ദീര്‍ഘകാലമായി ദേശീയ സംഘത്തിലെ പ്രബലന്മാരാണ്. ഇനിയൊരു ലോകകപ്പില്‍ ഇവര്‍ ഇല്ലെന്നിരിക്കെ യുറഗ്വായ്‌യുടെ പുതിയ തലമുറയായിരിക്കും ലോകകപ്പ് വേദികളിലെത്തുക. നാല് ലോകകപ്പുകളുടെ അനുഭവ സമ്പത്തുള്ള സുവാരസ് 2014 ലെ ബ്രസീല്‍ ലോകകപ്പില്‍ വിവാദ താരവുമായിരുന്നു.