X

ഗൗരി ല​ങ്കേഷ് വധക്കേസി​ലെ അവസാന പ്രതിക്കും ജാമ്യം

ഗൗരി ലങ്കേഷ് വധക്കേസില്‍ കസ്റ്റഡിയിലുള്ള അവസാന പ്രതി ശരദ് ഭൗസാഹേബ് കലാസ്‌കറിനും ബംഗളൂരു കോടതി ജാമ്യം അനുവദിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകയും വലതുപക്ഷ ആശയങ്ങളുടെ നിശിത വിമര്‍ശകയുമായ ഗൗരി ലങ്കേഷ് 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ബംഗളൂരുവിലെ വസതിക്ക് പുറത്ത് വെടിയേറ്റു മരിച്ചത്. നിരവധി സാക്ഷികളും വിപുലമായ തെളിവുകളും ഉള്‍പ്പെടുന്ന ഈ കേസ് രാജ്യവ്യാപകമായ പ്രതിഷേധത്തിനു വഴിവെച്ചു.

പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജി മുരളീധര പൈ ബി.യാണ് ബുധനാഴ്ച ഏറ്റവും പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കലാസ്‌കറിന് കര്‍ശന വ്യവസ്ഥകളോടെ വ്യക്തിഗത ബോണ്ടില്‍ ജാമ്യം അനുവദിക്കുകയായിരുന്നു. 2018 സെപ്റ്റംബര്‍ 4 മുതല്‍ കസ്റ്റഡിയിലുള്ള പ്രതി ക്രിമിനല്‍ നടപടി ചട്ടത്തിലെ 439-ാം വകുപ്പ് പ്രകാരം സ്ഥിരം ജാമ്യം ആവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു. കേസിലെ 16 കൂട്ടുപ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചതിനെ ഉദ്ധരിച്ച് കലാസ്‌കറിന്റെ നീണ്ട തടങ്കല്‍ ന്യായരഹിതമാണെന്ന് പ്രതിഭാഗം വാദിച്ചു.

ഹിന്ദുത്വ ആശങ്ങള്‍ പേറുന്ന ഒരു സംഘടനയുടെ ഭാഗമെന്ന് ആരോപിക്കപ്പെടുന്ന 18 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മറ്റ് പ്രതികള്‍ക്ക് ആയുധം കൈകാര്യം ചെയ്യുന്നതിനും ബോംബ് തയ്യാറാക്കുന്നതിനും പരിശീലനം നല്‍കുന്നതില്‍ കലാസ്‌കര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു.

ജാമ്യം അനുവദിക്കുമ്പോള്‍ കലാസ്‌കറിന്റെ പങ്ക് കൊലപാതകവുമായി നേരിട്ട് ബന്ധപ്പെടുത്തിയില്ലെന്നും 18 കൂട്ടുപ്രതികളില്‍ 16 പേരും ഇതിനകം ജാമ്യത്തിലായിരുന്നതിനാല്‍ തുല്യതക്ക് ഊന്നല്‍ നല്‍കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു പ്രതിയായ വികാസ് പാട്ടീല്‍ ഒളിവിലാണ്. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.

പ്രതികള്‍ നേരിടുന്ന ദീര്‍ഘനാളത്തെ തടവ് കാലയളവ് എടുത്തുകാണിച്ച കോടതി, വേഗത്തിലുള്ള വിചാരണക്കുള്ള ഭരണഘടനാപരമായ അവകാശത്തിന് ഊന്നല്‍ നല്‍കി. നീണ്ടുനില്‍ക്കുന്ന മുന്‍കൂര്‍ തടങ്കല്‍ നീതിയെ ദുര്‍ബലപ്പെടുത്തുമെന്ന് പൈ അടിവരയിട്ടു.

എന്നാല്‍, സാക്ഷികള്‍ക്ക് ഭീഷണിയുണ്ടാകാന്‍ സാധ്യതയുള്ളതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ ഉന്നയിച്ച ആശങ്കകള്‍ കോടതി തള്ളിക്കളഞ്ഞു. സാക്ഷികളുടെ ഐഡന്റിറ്റി മറച്ചുവെച്ചിട്ടുണ്ടെന്നും ഗണ്യമായ എണ്ണം സാക്ഷിമൊഴികള്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഏറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് ഗൗരി ലങ്കേഷ് വധക്കേസിന്റെ അന്വേഷണം. കൊലപാതകക്കേസിലെ പ്രധാന സാക്ഷികളിലൊരാള്‍ കുറ്റസമ്മതമൊഴിയെടുക്കാന്‍ പൊലീസ് നിര്‍ബന്ധിച്ചതായി കഴിഞ്ഞ വര്‍ഷം കോടതിയെ അറിയിച്ചിരുന്നു. ലങ്കേഷ് വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അതേകൂട്ടം ആളുകള്‍ തന്നെയാണ് യുക്തിവാദികളായ എം.എം. കല്‍ബുര്‍ഗിയുടെയും നരേന്ദ്ര ദാബോല്‍ക്കറുടെയും വധത്തിനു പിന്നിലും പ്രവര്‍ത്തിച്ചതെന്ന് പുറത്തുവന്നിരുന്നു.

webdesk13: