തോഷഖാന കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ പിടിഐ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിനെ വെടിയുതിര്‍ത്തു. സംഘര്‍ഷത്തില്‍ അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇതില്‍ 54 പേരും പൊലീസ് ഉദ്യോഗസ്ഥരാണ്. പൊലീസ് അറസ്റ്റ് ചെയ്യാന്‍ വരുന്നുവെന്നും തടയാനായി രംഗത്തിറങ്ങാനും ഇമ്രാന്‍ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ലാഹോര്‍ സമാന്‍ പാര്‍ക്കിലെ ഇമ്രാന്റെ വസതിക്ക് മുന്നില്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ഇവരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ സംഘടിച്ച് വീണ്ടും എത്തിയതോടെയാണ് പൊലീസ് വെടിവെപ്പ് ആരംഭിച്ചത്.
സമാന്‍ പാര്‍ക്കില്‍ നിലവില്‍ യുദ്ധ സമാന സാഹചര്യമാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനായി ഇസ്ലാമാബാദ് പൊലീസ് വീണ്ടും എത്തിയത്.