ലാസ്‌വേഗസ്: യു.എസിലെ ലാസ്‌വേഗസ് നഗരത്തിലെ സംഗീത കേന്ദ്രത്തില്‍ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ മരണം അമ്പത് കടന്നു. നാനൂറിലധം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 14 പേരുടെ നില ഗുരുതരമാണ്.
1991ന് ശേഷം യു.എസിലുണ്ടാകുന്ന ഏറ്റവും വലിയ വെടിവെപ്പ് ആക്രമണമാണിത്. അക്രമിയെന്ന് കരുതുന്ന സ്റ്റീഫന്‍ പഡ്ഡോക് എന്ന 64കാരനെ പൊലീസ് വകവരുത്തി. എന്തിനായിരുന്നു ആക്രമണം എന്നതില്‍ വ്യക്തതയില്ല. ഭീകരാക്രമണമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം അക്രമിയുടെ മുറിയില്‍ നി്ന്നും തോക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. പഡ്ഡോകിന്റെ പങ്കാളി മരിലോ ഡാന്‍ലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് വെടിവെപ്പില്‍ പങ്കുണ്ടോ എന്ന് വ്യക്തമല്ല.
ഞായറാഴ്ച രാത്രി പത്തു മണിയോടെ, മന്‍ഡലേ ബേ റിസോര്‍ട്ട് ആന്‍ഡ് കാസിനോ ഹോട്ടലില്‍ സാസണ്‍ അഡ്‌ലീന്‍ സംഗീത പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കെയായിരുന്നു വെടിവെപ്പ്. ഹോട്ടലിന്റെ 32-ാം നിലയില്‍ നിന്ന് പരിപാടിക്കെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നാല്‍പ്പതിനായിരത്തോളം പേരാണ് ത്രിദിന സംഗീതനിശയുടെ അവസാനദിനമായ ഞായറാഴ്ച എത്തിയിരുന്നത്.
ലാസ്‌വെഗാസിലേത് ഭീകരമായ ദുരന്തമാണെന്നും സാഹചര്യങ്ങള്‍ സൂക്ഷ്മമായ നിരീക്ഷിച്ചു വരികയാണെന്നും യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മുന്‍ പ്രസിഡണ്ട് ബറാക് ഒബാമ, യു.കെ പ്രധാനമന്ത്രി തെരേസ മേ, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വന്‍ തുടങ്ങിയവര്‍ അക്രമത്തെ അപലപിച്ചു.