X

ലാപ്‌ടോപ്പ് ബാറ്ററിയുടെ ജീവന്‍ കൂട്ടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

ലാപ്‌ടോപ്പ് ബാറ്ററിയുടെ ആയുസ്‌കൂട്ടാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഇപ്പോള്‍ വിപണിയിലുള്ള ഏതാണ്ട് എല്ലാ ലാപ്‌ടോപ്പുകളിലും ഉപയോഗിക്കുന്നത് ലിഥിയം ഇയാണ്‍ (ലി-ഇയോണ്‍) ബാറ്ററിയാണ്. അതുകൊണ്ടുതന്നെ ബാറ്ററി സംരക്ഷണത്തെപ്പറ്റി പറയുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ട രണ്ടു വസ്തുതകളുണ്ട്. ചാര്‍ജിംഗും ചൂടും. ചാര്‍ജ് ചെയ്യുന്ന രീതിയും ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിലെ ചൂടും ബാറ്ററിയുടെ ജീവിത ദൈര്‍ഘ്യം തീരുമാനിക്കുന്നതില്‍ നിര്‍ണായകമാണ്.

താപനില കുറഞ്ഞ അന്തരീക്ഷത്തില്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നത് ബാറ്ററിക്ക് ദോഷകരമാണ് എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. തണുപ്പുകാലത്ത് കാര്‍ സ്റ്റാര്‍ട്ടാകാന്‍ വൈകുന്ന അനുഭവമായിരിക്കും ഈ ധാരണക്ക് അടിസ്ഥാനം. എന്നാല്‍ ലി-ഇയോണ്‍ ബാറ്ററി ചൂടില്‍ ഉപയോഗിക്കുമ്പോള്‍ ചാര്‍ജ് അതിവേഗം ചോരുകയും ബാറ്ററിയുടെ ആയുസ്സിനെ ബാധിക്കുകയും ചെയ്യുന്നു.

ലാപ്‌ടോപ്പ് വേഗം ചൂടാകാനുള്ള ഒരു പ്രധാന കാരണം, അതിന്റെ ഫാനില്‍നിന്നുള്ള കാറ്റ് സുഗമമായി പുറത്തു പോകാത്തതാണ്. കാറ്റ് പുറത്തുപോകുന്ന ഭാഗം ചുമരിനോട് ചാരിയോ മറ്റോ വെക്കുന്നതും ആ ഭാഗത്ത് വല്ലതും അടഞ്ഞിരിക്കുന്നതും ബാറ്ററിയെ കൊന്നേക്കും.
അതുപോലെ ഉറച്ച പ്രതലത്തില്‍ മാത്രം ലാപ്‌ടോപ്പ് ഉപയോഗിക്കുക. കുഷ്യന്‍, ബെഡ്ഡ്, തലയിണ തുടങ്ങിയ സ്‌പോഞ്ചി പ്രതലത്തില്‍ ഉപയോഗിക്കുമ്പോള്‍ വായുഗതാഗതത്തെ പ്രതികൂലിമായി ബാധിക്കുന്നു. ‘മടിത്തട്ടില്‍ വെച്ചുപയോഗിക്കുന്നത്’ എന്നാണ് ലാപ്‌ടോപ്പിന്റെ അര്‍ത്ഥമെങ്കിലും അത്തരത്തിലുള്ള ഉപയോഗം ഒട്ടും ഗുണകരമല്ല.

കൃത്യസമയത്ത്, ശരിയായ രീതിയില്‍ ചാര്‍ജ് ചെയ്യുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. എല്ലാ സമയവും പ്ലഗ് ചെയ്തുകൊണ്ട് ലാപ്‌ടോപ്പ് ഉപയോഗിക്കുന്നവരെ കാണാം. ഇതൊരു തെറ്റായ പ്രവണതയാണ്. ബാറ്ററി ചൂടാകാനിടയാക്കും എന്നതാണ് ഇതിന്റെ പ്രശ്‌നം.
ഓഫീസിലും മറ്റും ദീര്‍ഘസമയം മേശയില്‍ വെച്ച് ഉപയോഗിക്കുകയാണെങ്കില്‍ ബാറ്ററി അഴിച്ചുവെക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു 40-50 ശതമാനം ചാര്‍ജുള്ളപ്പോഴായിരിക്കണം ഊരിവെക്കേണ്ടത്. അതുപോലെ, നൂറു ശതമാനം ചാര്‍ജുള്ളപ്പോള്‍ ലാപ് എടുത്തുവെക്കരുത്. പകുതിയോളം ചാര്‍ജ് നഷ്ടപ്പെട്ട ശേഷം എടുത്തുവെക്കുന്നതാണ് ദീര്‍ഘാടിസ്ഥാനത്തിലുള്ള ആയുസ്സിന് നല്ലത്.
80 ശതമാനത്തിനു മുകളില്‍ ചാര്‍ജ് ആയിക്കഴിഞ്ഞാല്‍ ലാപ്‌ടോപ്പ് ബാറ്ററിയില്‍ തന്നെ പ്രവര്‍ത്തിപ്പിക്കുക. 20 ശതമാനത്തിനു താഴെ എത്തിയാല്‍ മാത്രം പ്ലഗ് ഇന്‍ ചെയ്യുക. പ്ലഗ് ഇന്നിലാകുമ്പോള്‍ സിസ്റ്റം ഷട്ട്ഡൗണ്‍ ചെയ്തുവെക്കുന്നതാണ് നല്ലത്.

ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളെപ്പോലെ ‘റഫ് ആന്റ് ടഫ്’ ഉപയോഗത്തിന് ചേര്‍ന്നതല്ല ലാപ്‌ടോപ്പ് / നോട്ട്ബുക്കുകളുടെ നിര്‍മാണ ഘടന. അതിനാല്‍, ഉപയോഗത്തിലും പെരുമാറ്റത്തിലും പ്രത്യേക ശ്രദ്ധതന്നെ നല്‍കേണ്ടതുണ്ട്. മിക്ക ലാപ്‌ടോപ്പുകളിലും ഏറ്റവും വലിയ ഊര്‍ജ ഉപഭോക്താവ് സ്‌ക്രീന്‍ അഥവാ ബാക്ക്‌ലൈറ്റ് ആണ്. എല്‍.സി.ഡി / എല്‍.ഇ.ഡി സ്‌ക്രീനുകളില്‍ ഊര്‍ജ ഉപയോഗം താരതമ്യേന കുറവാണെന്നു പറയാറുണ്ടെങ്കിലും ബാറ്ററിയില്‍ ഉപയോഗിക്കുമ്പോള്‍ സ്‌ക്രീന്‍ തെളിച്ചത്തോടെ ഉപയോഗിക്കുന്നത് നല്ല രീതിയല്ല.
സ്‌ക്രീന്‍ ബ്രൈറ്റ്‌നെസ്സ് കുറച്ചുവെച്ചാല്‍ 30 മിനുട്ടോളം അധിക മിനുട്ടുകള്‍ ലാഭിക്കാന്‍ കഴിയും. വിന്‍ഡോസ് ലാപ്‌ടോപ്പുകളില്‍ കീഴ്‌വശത്തുള്ള ടാസ്‌ക്ബാറിലെ ബാറ്ററി ഓപ്ഷന്‍ തുറന്ന് സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് കുറക്കാം. ംശിറീം െസല്യ -യും ഃ -ഉം ഒന്നിച്ചമര്‍ത്തിയാലും ഈ ഓപ്ഷന്‍ ലഭിക്കും.

നിരവധി പ്രോഗ്രാമുകള്‍ ഒന്നിച്ച് റണ്‍ ചെയ്യുന്ന അലസ സ്വഭാവം ലാപ്‌ടോപ്പ് ഉപയോഗിക്കുമ്പോള്‍ ഒന്ന് മാറ്റിപ്പിടിക്കണം. ആവശ്യമുള്ള പ്രോഗ്രാമുകള്‍ മാത്രം തുറന്നുവെക്കുക. പശ്ചാത്തലത്തില്‍ തുറന്നിരിക്കുന്ന പ്രോഗ്രാമുകള്‍ നാമറിയാതെ ബാറ്ററി കുടിച്ചു തീര്‍ക്കും.
ആവശ്യമില്ലാത്ത സമയങ്ങളില്‍ വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയവ ഓപ്പണ്‍ ആയി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. വൈഫൈ കണക്ട് ചെയ്ത് നെറ്റ് തുറന്ന ശേഷം ഏതെങ്കിലും പേജില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ടെങ്കില്‍ വൈഫൈ ഡിസേബിള്‍ ചെയ്യുന്നതാണ് നല്ലത്. നെറ്റ് ആവശ്യം വരുമ്പോള്‍ മാത്രം വീണ്ടും ഓണ്‍ ചെയ്യാമല്ലോ.
സിനിമ കാണുകയോ പാട്ട് കേള്‍ക്കുകയോ ചെയ്യാത്ത സമയങ്ങളില്‍ വോള്യം ലെവല്‍ താഴ്ത്തിവെക്കുകയോ മ്യൂട്ട് ആക്കുകയോ ചെയ്യുക.
പുറമെ നിന്ന് ചേര്‍ക്കുന്ന യു.എസ്.ബി കീബോഡ്, യു.എസ്.ബി മൗസ് തുടങ്ങിയവയും എക്‌സ്‌റ്റേണല്‍ മെമ്മറി സ്‌റ്റോറേജുകളും ആവശ്യം കഴിഞ്ഞാലുടന്‍ വേര്‍പ്പെടുത്തുക. സി.ഡിയും ഡി.വി.ഡിയും അതിന്റെ ഡ്രൈവില്‍ സൂക്ഷിക്കരുത്. ഇത് ഡ്രൈവ് കേടാകുന്നതിനു പുറമെ ബാറ്ററിയെയും പ്രതികൂലമായി ബാധിക്കുന്നതാണ്.

Web Desk: