X

ജിഷ വധക്കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് വിജിലന്‍സ്

തിരുവനന്തപുരം: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കേസ് അന്വേഷിച്ച പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്നും ഡയരക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ റിപ്പോര്‍ട്ട് തള്ളിയ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, വിജിലന്‍സിന് ഇങ്ങനെ റിപ്പോര്‍ട്ട് നല്‍കാന്‍ അധികാരമില്ലെന്ന് സര്‍ക്കാറിനെ അറിയിച്ചു.

കേസ് അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത് എന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. കേസില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത് മുതല്‍ പിഴവ് സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മുന്‍വിധിയോടെയാണ് അന്വേഷണം നടന്നതെന്ന് വിജിലന്‍സ് പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് 16 പേജ് വരുന്ന അതീവ രഹസ്യ സ്വഭാവത്തിലുള്ള റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൈമാറി. കേസില്‍ അമീറുള്‍ ഇസ്‌ലാം മാത്രമാണോ പ്രതി എന്ന സംശയവും കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യതയും വിജിലന്‍സ് ഉന്ന
യിക്കുന്നുണ്ട്.
ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച പറ്റി. ഇപ്പോഴുള്ള തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ല. പരിശോധനയില്‍ കണ്ടെത്തിയ വിവരവും സ്വന്തം നിഗമനങ്ങളും ചേര്‍ത്താണ് ഡി.ജി.പി ജേക്കബ് തോമസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ടി.പി സെന്‍കുമാര്‍ ഡി.ജി.പിയായിരിക്കെ നടന്ന അന്വേഷണത്തിലും പിന്നീട് ഡി.ജി.പിയായി വന്ന ലോക്‌നാഥ് ബെഹ്‌റ നിയോഗിച്ച പ്രത്യേക സംഘത്തിനും അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
2016 ഏപ്രില്‍ 28നാണ് ജിഷയെ പെരുമ്പാവൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷമായിരുന്നു കൊലപാതകം. ജിഷയും അമ്മയും മാത്രം താമസിക്കുന്ന അടച്ചുറപ്പില്ലാത്ത വീട്ടില്‍ വൈകുന്നേരം അതിക്രമിച്ചു കയറിയ പ്രതി അമീറുല്‍ ഇസ്‌ലാം ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തില്‍ കൃത്യമായ ഉത്തരം നല്‍കാന്‍ പൊലീസിനായിട്ടില്ല. കോടതിയില്‍ വിചാരണയിലെത്തി നില്‍ക്കുന്ന കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നിര്‍ണായകമാകും. പ്രതിഭാഗം അഭിഭാഷകര്‍ ഈ റിപ്പോര്‍ട്ട് കോടതിയുടെ ശ്രദ്ധയില്‍ക്കൊണ്ടുവരികയും ചെയ്യും. ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാന്‍ ശ്രമിച്ച അന്വേഷണ സംഘങ്ങളെ മാത്രമല്ല, സര്‍ക്കാറിനെയും വലിയ പ്രതിസന്ധിയിലാക്കുന്നതാണ് വിജിലന്‍സ് ഡയരക്ടറുടെ റിപ്പോര്‍ട്ട്. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസത്തിനകം ജിഷയുടെ ഘാതകനെ അറസ്റ്റ് ചെയ്യാനായത് നേട്ടമായി ആഭ്യന്തരവകുപ്പ് ഉയര്‍ത്തിക്കാട്ടിയിരുന്നു.

chandrika: