വിയന്റിയന്‍: തെക്കന്‍ ലാവോസില്‍ ഡാം തകര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരവെ 17 മൃതദേഹങ്ങള്‍ കണ്ടെത്തി. സെപിയന്‍ സെനാം നോയ് ഡാമിന് സമീപം നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. കാണാതായവരെക്കുറിച്ചുള്ള കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 6,600 പേര്‍ ദുരന്തത്തില്‍ ഭവനരഹിതരായിട്ടുണ്ട്. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. കൃഷിസ്ഥലങ്ങളും പ്രളയത്തില്‍ നശിച്ചു. വീടുകളുടെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നിരിക്കുകയാണ്. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മാണത്തിലിരുന്ന ഡാമാണ് തകര്‍ന്നത്. ആദിവാസികളുടെയും വന്യജീവികളുടെയും നിലനില്‍പ്പ് അപകടപ്പെടുത്തി മെകോങ് നദിയില്‍ ഡാമുകള്‍ നിര്‍ക്കുന്നതിനെതിരെ പരിസ്ഥിതി സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.