ഏതൊരു ഭാഷയും വ്യക്തിയുടെ നാവിലേക്കാളുപരി അയാളുടെ ഹൃദയാന്തരത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. അതുകൊണ്ടാണ് ഒരാള്‍ ജനിച്ചുവീണ മണ്ണിലെ ഭാഷയെ അമ്മയുമായി ചേര്‍ത്തു പറയുന്നത്; മാതൃഭാഷയെന്ന്. അന്യമായ എന്തിനെയും മറ്റുള്ളവരിലേക്ക് അടിച്ചേല്‍പിക്കുകയും ഇതര സംസ്‌കാരങ്ങളെ ഇകഴ്ത്തുകയും ചെയ്യുന്ന വിദ്വേഷത്തിന്റെ ഭാഷ സമീപ കാലത്തായി നമ്മുടെ നാട്ടില്‍ വ്യാപകമാണ്. മുസ്സോളിനിയും ഹിറ്റ്‌ലറും ഏകാധിപതികളായത് അവരുടെ ഈ അടിച്ചേല്‍പിക്കല്‍ നയം കൊണ്ടായിരുന്നു. മതേതര ജനാധിപത്യ ഇന്ത്യയില്‍ ഇത്തരം തിട്ടൂരങ്ങള്‍ക്ക് തെളിവുകള്‍ വേണ്ടുവോളം നമുക്കുമുന്നിലുണ്ട്. അതിന്റെ ഭാഗമായിവേണം കേന്ദ്ര ആഭ്യന്തര വകുപ്പുമന്ത്രിയും ബി.ജെ.പി മുന്‍ അഖിലേന്ത്യാ അധ്യക്ഷനുമായ അമിത്ഷായുടെ നാവില്‍നിന്ന് കഴിഞ്ഞദിവസം പുറത്തുവന്ന ഒരു പ്രസ്താവനയെയും കാണാന്‍. മുസ്്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരെ മാത്രമല്ല, രാജ്യത്തെ ഹിന്ദിയേതര ഭാഷ സംസാരിക്കുന്നവര്‍ക്കെതിരെ കൂടിയാണ് വിഷവിദ്വേഷത്തിന്റെ തികട്ടലുണ്ടായിരിക്കുന്നത്.
‘പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇംഗ്ലീഷിനുപകരം ഹിന്ദിയാവണം സംസാരിക്കേണ്ടത്. രാജ്യത്തിന്റെ ഐക്യത്തിന് ഔദ്യോഗിക ഭാഷയുടെ പ്രാധാന്യം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്’. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഔദ്യോഗിക ഭാഷക്കായുള്ള പാര്‍ലമെന്ററി സമിതിയുടെ 37-ാം യോഗത്തിലാണ് സമിതി ചെയര്‍മാന്‍ കൂടിയായ അമിത്ഷാ ഇത്തരത്തിലൊരു വിവാദ പ്രസ്താവന നടത്തിയത്. കേന്ദ്ര മന്ത്രിസഭയുടെ രേഖകളില്‍ 70 ശതമാനവും നിലവില്‍ ഹിന്ദിയിലാണെന്ന് ഷാ ചൂണ്ടിക്കാട്ടി. ഇത് 100 ആക്കുകയാണ് ലക്ഷ്യമത്രെ. ഹിന്ദി ഭാഷയെ രാജ്യത്തിന്റെ മൊത്തം ഭാഷയാക്കാനുള്ള നീക്കങ്ങള്‍ എല്ലാകാലത്തും രാജ്യത്തുണ്ടായിട്ടുണ്ട്. സങ്കുചിതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഏതാനും രാഷ്ട്രീയ നേതാക്കളാണ് ഇതിനുപിറകില്‍. അപ്പോഴെല്ലാം അഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ വലിയ പ്രതിഷേധങ്ങളുമായാണ് രംഗത്തുവന്നിട്ടുള്ളത്. അതിലൊന്നാണ് തമിഴ്‌നാട്ടിലെ 1930 കളിലെയും ’60 കളിലെയും ഹിന്ദി വിരുദ്ധ പ്രക്ഷോഭം. തെക്കേ ഇന്ത്യയിലെ അഞ്ചും വടക്കുകിഴക്കുള്ള എട്ടും ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ ഇന്നും ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നത് അവരവരുടെ മാതൃഭാഷയാണ്. അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അമ്മയില്‍നിന്ന് കുഞ്ഞിനെ വേര്‍പെടുത്തുന്നതുപോലെ സാഹസമാണ്. രാജ്യത്തെ 2011ലെ സെന്‍സസനുസരിച്ച് ഹിന്ദി സംസാരിക്കുന്നവരുടെ ശതമാനം 43.63 ശതമാനം മാത്രമാണ്. ഭൂരിപക്ഷം ജനങ്ങളും ഹിന്ദിയേതരഭാഷകളാണ് സംസാരിക്കുന്നതെന്നര്‍ത്ഥം. ഔദ്യോഗിക ഭാഷയായി മലയാളമാണ് കേരളത്തിനുള്ളതെങ്കില്‍ തമിഴ്‌നാടിന് തമിഴും ആന്ധ്രക്കും തെലുങ്കാനക്കും തെലുങ്കുമാണ്. 60 ശതമാനത്തോളം പൗരന്മാരുടെമേല്‍ ഔദ്യോഗിക ഭാഷയെന്ന നിലയില്‍ ഹിന്ദി അടിച്ചേല്‍പിക്കുന്നത് ക്രൂരമാണെന്ന് പറയാതെവയ്യ. ന്യൂനപക്ഷമായാലും അതനുവദിക്കുകവയ്യ. ദേശീയോഗ്രഥനവും ദേശീയൈക്യവും ഊട്ടിയുറപ്പിക്കപ്പെടേണ്ടത് ഭാഷകൊണ്ട് മാത്രമല്ല, മറിച്ച് ജനങ്ങള്‍തമ്മിലുള്ള സഹവര്‍ത്തിത്വവും സഹകരണവുംകൊണ്ടാണ്.
ആയിരക്കണക്കിന് ഭാഷകളാണ് ഇന്ത്യയിലുള്ളത്. അതില്‍ 22 എണ്ണത്തെ ഭരണഘടനയിലുള്‍പ്പെടുത്തിയത് അവക്ക് രാഷ്ട്രശരീരത്തില്‍ മതിയായ പ്രാതിനിധ്യം ലഭിക്കുന്നതിനുവേണ്ടിയാണ്. സംസ്ഥാനങ്ങള്‍ രൂപവല്‍കരിച്ചതുതന്നെ ഭാഷ അടിസ്ഥാനമാക്കിയും. ഇവിടെ പക്ഷേ അമിത്ഷാ പറയുന്നത് ഔദ്യോഗിക ഭാഷയായി ഹിന്ദിയെ മാത്രമായി മറ്റുള്ളവരെല്ലാം അംഗീകരിക്കണമെന്നാണ്. ഇത് രാഷ്ട്രത്തിന്റെയും ജനതയുടെയും ഐക്യത്തിനപ്പുറം വിഭാഗീയമായ ചിന്താഗതികള്‍ക്കേ വഴിവെക്കൂ. പ്രശസ്ത തമിഴ് സംഗീതജ്ഞനും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ എ.ആര്‍ റഹ്്മാന്‍ കഴിഞ്ഞദിവസം അമിത്ഷായുടെ പ്രസ്താവനക്കെതിരെ പരോക്ഷമായി പ്രതികരിച്ചത് വൈറലാകുകയുണ്ടായി. തമിഴ്‌നാട്ടിലുടനീളം ‘ഹിന്ദി തെരിയാത്, പോടാ’ കാമ്പയിന്‍ നടന്നുവരികയുമാണ്. മാതൃഭാഷയും ഹിന്ദിയോ ഇംഗ്ലീഷോ ഏതെങ്കിലുമൊന്നും ഔദ്യോഗികഭാഷയായി സ്വീകരിക്കുകയാണ് ഇതിനുള്ള മാര്‍ഗം. ഇതുവഴി സ്വന്തം സ്വത്വത്തെ മുറുകെപിടിക്കാനുംകൂടി ഉപകരിക്കും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ത്രിഭാഷാരീതിയാണ് സ്വീകരിച്ചുപോരുന്നതും. ഏകമതവും സംസ്‌കാരവും വസ്ത്രവും ഭക്ഷണ രീതിയുമൊക്കെ ഘോഷിക്കുന്നവര്‍ക്ക് ഏകഭാഷയും ആജ്ഞാപിക്കാന്‍ എളുപ്പമായിരിക്കുമെങ്കിലും ഇത്തരം നീക്കങ്ങള്‍ വലിയ അപകടം ക്ഷണിച്ചുവരുത്തും. ആര്‍.എസ്.എസ്സിന്റെയും പഴയ ജനസംഘത്തിന്റെയും ന്യായമാണിത്. പൗരന്മാര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള ഭാഷ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുകയാണ് ജനാധിപത്യ രാജ്യത്ത് അഭികാമ്യമായിട്ടുള്ളത്.