X

ഹിമാചലില്‍ ഉരുള്‍പൊട്ടലും മിന്നല്‍പ്രളയവും; ഗതാഗതം തടസ്സപ്പെട്ടു, ദേശീയപാതയില്‍ 200ലധികം സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു

ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലുണ്ടായ ഉരുള്‍പൊട്ടലിനേയും മിന്നല്‍പ്രളയത്തേയും തുടര്‍ന്ന് വിനോദസഞ്ചാരികളുള്‍പ്പെടെ ഇരുന്നൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ചണ്ഡീഗഡ്മണാലി ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് സഞ്ചാരികള്‍ കുടുങ്ങിയത്. ഞായറാഴ്ച വൈകുന്നേരം മുതല്‍ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരുന്നു.

മാണ്ഡിയില്‍ പെയ്യുന്ന കനത്തമഴയേത്തുടര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. ദേശീയപാതയിലുള്‍പ്പെടെ വലിപ്പമേറിയ പാറകളും മറ്റും വീണതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. 7 മൈലോളം വാഹനങ്ങളുടെ നീണ്ട നിരയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. മാണ്ഡിയുടെ വിവിധയിടങ്ങളില്‍ മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടകവസ്തുക്കളും മറ്റുമുപയോഗിച്ച് പാറക്കഷണങ്ങള്‍ പൊട്ടിച്ച് നീക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഏഴ,്എട്ട് മണിക്കൂറിനുള്ളില്‍ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയപാത വീണ്ടും തുറക്കുന്നതുവരെ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

കനത്ത മഴ, ഇടിമിന്നല്‍ എന്നിവയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

webdesk13: