X

കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ മരണം ആറായി; രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രസേനയെത്തി

കോട്ടയം: ജില്ലയിലെ കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആറ് പേരുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നു. ആകെ 13 പേരെ കാണാതായിട്ടുണ്ട് എന്നാണ് വിവരം. അതേസമയം 30 പേരെ കാണാതായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവരില്‍ ആറുപേര്‍ ഒരു കുടുംബത്തിലെ അംഗമാണ്. മൂന്ന് വീടുകള്‍ ഒലിച്ചു പോയി. ഇന്ന് പുലര്‍ച്ചെ മുതല്‍ പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് ഉരുള്‍ പൊട്ടിയത്.

മൃതദേഹങ്ങള്‍ മാറ്റാന്‍ പോലും കഴിയാത്ത വിധം പ്രതിസന്ധിയിലാണ് നാട്ടുകാര്‍. കരസേനയും വ്യോമസേനയും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. എം1 17 സാരംഗ് ഹെലികോപ്ടറുകള്‍ സ്ഥലത്തെത്തി. ദക്ഷിണ മേഖലയിലെ എയര്‍ കമാന്‍ഡോകള്‍ക്കും തയാറാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയാണ് പെയ്യുന്നത്. പലയിടങ്ങളും വെള്ളത്തിനടിയില്‍ മുങ്ങി. തൊടുപുഴയില്‍ ഒലിച്ചു പോയ കാറിനടുത്ത് നിന്ന് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. നിരവധി പാലങ്ങളും തൂക്കുപാലങ്ങളും തകര്‍ന്നു.

വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി മീനച്ചിലാറ്റിലേക്കും മണിമലയാറ്റിലേക്കും വെള്ളം ഇരച്ചെത്തിയാണ് കോട്ടയത്ത് വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തില്‍ വീടുകളില്‍ വെള്ളം കയറുകയും വാഹനങ്ങളും കോഴി ഫാമുകളും അടക്കമുള്ളവ ഒഴികിപ്പോവുകയും ചെയ്തു. ഇതിനകം നൂറോളം ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ തുറന്നിരിക്കുന്നത്.

web desk 1: