X
    Categories: keralaNews

ഇടുക്കിയില്‍ ഭൂ സമരങ്ങള്‍ വീണ്ടും ശക്തമാകുന്നു

പി.കെ.എ ലത്തീഫ്
തൊടുപുഴ

ഇടതു സര്‍ക്കാരിന്റെ തുടര്‍ച്ചയായ വാഗ്ദാന ലംഘനങ്ങള്‍ ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നു. ഭൂ പതിവ് ചട്ടം ഭേദഗതി ചെയ്യണമെന്ന സര്‍വകക്ഷി യോഗ തീരുമാനം നടപ്പാക്കാത്ത സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. യു.ഡി.എഫും വിവിധ സംഘടനകളും പ്രക്ഷോഭ പാതയിലാണ്.

1964ലെ ഭൂമിപതിവ് ചട്ടത്തിന്റെ അടിസ്ഥാനത്തിലുളള ഹൈക്കോടതി നിരീക്ഷണത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇടുക്കിക്കായി കൊണ്ടുവന്ന നിര്‍മാണ നിരോധനം ജില്ലയിലെ ജനങ്ങളെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. 1964ലെ ഭൂമി പതിവ് ചട്ടങ്ങളിലെ 4ാം ചട്ട പ്രകാരം പട്ടയ വസ്തുവില്‍ വീടുവയ്ക്കുവാനും, കൃഷിചെയ്യുവാനും, 1993ലെ ഭൂമി പതിവ് ചട്ടങ്ങളിലെ 3ാം ചട്ട പ്രകാരം കടമുറി പണിയാനും, വീടുവയ്ക്കാനും, കൃഷിചെയ്യാനും മാത്രമാണ് അവകാശമുള്ളത്. ഇതിനോടകം നടത്തിയിട്ടുള്ളവാണിജ്യ നിര്‍മാണ പ്രവര്‍ത്തികളും, അടിസ്ഥാന സൗകര്യവികസനത്തിനായി നടത്തിയിട്ടുള്ള നിര്‍മിതികളും ഇത് പ്രകാരം ചട്ട ലംഘനമാണ്.

ഭൂമി പതിവ് ചട്ടങ്ങള്‍ ഭേദഗതിചെയ്യണമെന്ന സര്‍വകക്ഷിയോഗതീരുമാനം സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നായിരുന്നു സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ രണ്ടര വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ കബളിപ്പിക്കല്‍ തുടരുകയാണ്. മൂന്നാറിലെ വിവാദമായ രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയതടക്കമുള്ള നടപടികള്‍ പട്ടയ വിതരണത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഏലമലക്കാടുകള്‍ വനഭൂമിയാണെന്ന് കാട്ടി റവന്യൂ വകുപ്പിറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഏലമല കാടുകളിലെ വനം വകുപ്പിന്റെ അവകാശം സംബന്ധിച്ച് തര്‍ക്കം നടക്കുന്നതിനിടെയാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. നടപടി വിവാദമായതിനെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിച്ചെങ്കിലും ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്.

Chandrika Web: