തനിച്ച് താമസിക്കുന്ന വയോധികയുടെ പന്ത്രണ്ടര സെന്റ് ഭൂമിയും 17 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും തട്ടിയെടുത്തതിന് നെയ്യാറ്റിന്‍കര നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ക്കും ഭാര്യക്കുമെതിരെ കേസ്. സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് കുടുംബത്തോടെ വയോധികയുടെ വീട്ടില്‍ താമസിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
തവരവിള വാര്‍ഡ് കൗണ്‍സിലര്‍ സുജിനും ഭാര്യ ഗീതുവിനുമെതിരെയാണ് പരാതി. ഇവര്‍ക്കെതിരെ മാരായമുട്ടം പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അവിവാഹിതയായ ബേബി എന്ന പരാതിക്കാരി ഒറ്റയ്ക്കാണ് താമസം. 2021 മുതല്‍ സുജിനും കുടുംബവും ഈ വീട്ടില്‍ താമസം തുടങ്ങുകയായിരുന്നു. സുജിന്റെ ഭാര്യ ഗീതു അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണമെല്ലാം ഉപയോഗിച്ചുവെന്ന് ബേബി പറയുന്നു. ചിലത് പണയം വെച്ചു. പെട്ടെന്നൊരു ദിവസം ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞ് എല്ലാവരും കൂടി പോയ പോക്ക് പിന്നെ തിരിച്ചു വന്നില്ലെന്നും ഇവര്‍ പറയുന്നു.
നെയ്യാറ്റിന്‍കര സബ് രജിസ്റ്റര്‍ ഓഫീസില്‍ ബേബിയെ എത്തിച്ചു പന്ത്രണ്ടര സെന്റ് ഭൂമി സുജിന്‍ എഴുതി മേടിച്ചതായും ആരോപണമുണ്ട്. പലതവണയായി 2 ലക്ഷത്തോളം രൂപ വാങ്ങിയതായും പറയപ്പെടുന്നു. ബേബി നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാനെ കണ്ട് പരാതി കൊടുത്തെങ്കിലും സുജിന്‍ ഇതിനൊന്നും വഴങ്ങിയില്ല. സുജിന്റെ രാഷ്ട്രീയ സ്വാധീനം കാരണം ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണെന്നും വയോധിക പറയുന്നു.