X

ഒന്‍പതര സെന്റില്‍ നിന്ന് നാലു സെന്റ് പ്രളയബാധിതര്‍ക്ക് വീടുവെക്കാന്‍ നല്‍കി ഒരു കുടുംബം


അത്തോളി: നാലു സെന്റ് ഭൂമി പ്രളയബാധിതര്‍ക്ക് വീടുവെക്കാന്‍ നല്‍കി മാതൃകയാകുകയാണ് അത്തോളി കൊങ്ങന്നൂര്‍ അരിയാട്ടുമീത്തല്‍ ബൈജുവും ഭാര്യ ഷജിതയും കുടുംബവും.
കുടുംബ സ്വത്തില്‍ നിന്നും കിട്ടിയ മൂന്ന് സെന്റ് സ്ഥലത്താണ് ഇവര്‍ വീടുവെച്ചു താമസിക്കുന്നത്. വീടിന്റെ നിര്‍മ്മാണമാകട്ടെ പാതി വഴിയിലാണ്. കൂലിപ്പണിയെടുത്താണ് ബൈജു കുടുംബം പുലര്‍ത്തുന്നത്.
കൃഷ്ണഗീത, കൃഷ്ണദേവ്, അഭിനന്ദ് കൃഷ്ണ, അജയ് കൃഷ്ണ എന്നിവരാണ് മക്കള്‍. ഉരുള്‍പ്പൊട്ടലില്‍ വീടു നഷ്ടപ്പെട്ടവരുടെ നടുക്കുന്ന കാഴ്ചകളും ദുരിതവും പത്രത്തില്‍ വായിച്ചറിഞ്ഞോടെയാണ്
കുട്ടികള്‍ക്കിടയില്‍ നിന്ന് ആദ്യം നിര്‍ദ്ദേശം വന്നത്. നമുക്ക് വയനാട്ടില്‍ ഒന്‍പതര സെന്റില്ലേ?. ഉടനെ കൂടിയാലോചന നടത്തി നാലു സെന്റ് ഭൂമി നല്‍കാന്‍ കടുംബം ഒന്നിച്ച് തീരുമാനിക്കുകയായിരുന്നു. കല്‍പറ്റയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ കോട്ടാം ചിറയില്‍ റോഡരുകിലാണ് സ്ഥലം.വയനാട്ടുകാരിയായ ഭാര്യ ഷജിതയുടെ പേരില്‍ വാങ്ങിയ ഭൂമിയാണിത്. ഇവിടെയാണിവര്‍ മനുഷ്യ സ്‌നേഹത്തിന്റെ ചിറകെട്ടാന്‍ നല്‍കിയിരിക്കുന്നത്.
ആവശ്യവുമായി വയനാട് ജില്ലാ കലക്ടറെ കണ്ടപ്പോള്‍ ആദ്യം തന്റെ അവസ്ഥയറിഞ്ഞ് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുകയാണുണ്ടായത്. എന്നാല്‍ നാലു കുട്ടികളുമായി മൂന്നു സെന്റില്‍ താമസിക്കുന്ന കൂലി പണിക്കാരനായ നിര്‍ധനരായ കുടുംബത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു. പൂര്‍ണ്ണ പിന്തുണയുമായി ഭാര്യ കൂടെ നിന്നു. കുട്ടികള്‍ ആരെങ്കിലും ഒരാള്‍ എതിരു പറഞ്ഞിരുന്നെങ്കില്‍ കാര്യം നടക്കില്ലായിരുന്നു. സ്ഥലം അളന്ന് തിട്ടപ്പെടുത്തി വസ്തുവിന്റെ രേഖകള്‍ റവന്യൂ അധികൃതര്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്.

web desk 1: