X

ഭൂമി ഇടപാട്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു

കൊച്ചി: ഭൂമിവിവാദവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ 10.30ന് സഭാ ആസ്ഥാനത്ത് നിന്ന് ചോദ്യം ചെയ്യലിനായി ആദായ നികുതി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. എറണാകുളം സൗത്തിലെ ഓഫീസില്‍ ആറ് മണിക്കൂറോളം കര്‍ദിനാളിനെ ചോദ്യം ചെയ്തു. വൈകീട്ട് നാലു മണി കഴിഞ്ഞപ്പോള്‍ ദേഹാസ്വാസ്ഥ്യമുള്ളതായി കര്‍ദിനാള്‍ പറഞ്ഞതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് അദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു.

വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ സഭക്കുള്ളില്‍ നിന്നു തന്നെ ആദായ നികുതി വകുപ്പിന് നിര്‍ണായക മൊഴികളും തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പലരില്‍ നിന്നും ആദായ നികുതി വകുപ്പ് മൊഴിയെടുത്തു വരികയാണ്. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ പറഞ്ഞിട്ടുള്ള കണക്കുകള്‍ വസ്തുതാ വിരുദ്ധമാണെന്ന വ്യക്തമാക്കുന്ന മൊഴികളാണ് ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുള്ളത്.

ഇടനിലക്കാരും ഭൂമി വിറ്റവരും പറയുന്ന കണക്കുകളില്‍ വലിയ വ്യത്യാസമുണ്ട്. ഒമ്പത് ലക്ഷം രൂപക്ക് വില്‍പന നടത്താന്‍ സഭ ചുമതലപ്പെടുത്തിയ ഭൂമി മൂന്നര ലക്ഷം രൂപക്ക് വില്‍പന നടത്താന്‍ കര്‍ദിനാള്‍ അനുമതി നല്‍കിയെന്നും ആലഞ്ചേരി കുടുംബാഗത്തിനാണ് ഭൂമി വില്‍പന നടത്തിയതെന്നും ഈ ഭൂമി 40 ലക്ഷത്തോളം രൂപക്ക് ആലഞ്ചേരി കുടുംബാംഗം മറിച്ചുവിറ്റെന്നുമാണ് പ്രധാന ആരോപണം.

ഭൂമി വിറ്റതിന്റെ പണം ലഭിച്ചില്ലെന്നാണ് കര്‍ദിനാള്‍ പറഞ്ഞതെങ്കിലും സഭ നടത്തിയ അന്വേഷണത്തില്‍ 33 ലക്ഷം രൂപ ആലഞ്ചേരി കുടുംബാംഗം പണമായി കര്‍ദിനാളിന് നല്‍കിയെന്ന വിവരവും ലഭിച്ചിരുന്നു. സഭാ തലത്തില്‍ നടന്ന അന്വേഷണത്തിലെ മുഴുവന്‍ വിവരങ്ങളും ആദായ നികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെ പറ്റിയും ആദായനികുതി വകുപ്പ് അന്വേഷിക്കുകയാണ്.

chandrika: