സില്‍വര്‍ലൈനായി നിലവില്‍ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സില്‍വര്‍ ലൈന്‍ എതിരായ ആശങ്കയില്‍ കാര്യം ഉണ്ടെന്നും ആസൂത്രണം ചെയ്തിരിക്കുന്ന രീതിയില്‍ നിര്‍മാണം നടത്തിയാല്‍ പരിസ്ഥിതിയെ നിലവില്‍ എങ്ങനെ ബാധിക്കുമെന്ന് പറയാനാകില്ലെന്നും കേന്ദ്രമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.
ഹൈബി ഈഡന്‍ എംപിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടിയായിട്ടാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.
കേരളത്തിലെ എംപിമാര്‍ സില്‍വര്‍ലൈനെതിരെ വൈകാരികമായി പ്രതികരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് അന്തിമ അനുമതി അല്ലെന്നും കെ റെയില്‍ വിഷയത്തില്‍ കേരളത്തില്‍ നിന്നും ഉയരുന്നത് വലിയ എതിര്‍പ്പുകള്‍ ആണെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
പ്രാഥമിക അനുമതിയാണ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. പാരിസ്ഥിതിക പഠനമടക്കം നടത്തി ജനങ്ങളുടെ ആശങ്കകള്‍ തീര്‍ത്തിട്ടു മാത്രമേ അന്തിമ അനുമതി നല്‍കൂ കേന്ദ്ര മന്ത്രി വ്യക്തമാക്കി.