വയനാട്ടിൽ കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം ഇളവുലഭിച്ച തോട്ടം ഭൂമിയുടെ ഭാഗം കൈവശം വെയ്ക്കുന്ന അയ്യായിരത്തോളം കുടുംബങ്ങൾ ആശങ്കയിൽ. കൈവശഭൂമി മിച്ചഭൂമിയായി പിടിച്ചെടുക്കാതിരിക്കുന്നതിനു കാരണമുണ്ടെങ്കിൽ ബോധിപ്പിക്കുന്നതിനു ലാൻഡ് ബോർഡിൽനിന്നു നോട്ടീസ് ലഭിച്ചതാണ് കുടുംബങ്ങളെ ആശങ്കയിലാക്കിയത്. അഞ്ചു സെന്റ് മുതൽ അഞ്ച് ഏക്കർ വരെ ഭൂമി കൈവശമുള്ളവർ നോട്ടീസ് ലഭിച്ചവരിൽ ഉൾപ്പെടും. ഇതിൽപ്പെട്ടവർ വയനാട് ഭൂ ഉടസ്ഥാവകാശ സംരക്ഷണ സമിതി രൂപീകരിച്ച് മുഖ്യമന്ത്രിക്കു നിവേദനം നൽകി കാത്തിരിക്കുകയാണിപ്പോൾ.
ലാൻഡ് ബോർഡ് നോട്ടീസ് പിൻലിക്കുന്നതിനും കൈവശഭൂമിയിലുള്ള അവകാശം ക്രമപ്പെടുത്തുന്നതിനും ഇടപെടണമെന്നാണ് നിവേദനത്തിലെ ആവശ്യമെന്നു സമിതി ചെയർമാൻ അഡ്വ.എൻ. സാദിഖ്, ജനറൽ കൺവീനർ ബേബി മാത്യു, വൈസ് ചെയർമാൻ പ്രഫ പി.സി. രാമൻകുട്ടി, ട്രഷറർ പി.ആർ. ബാലകൃഷ്ണൻ എന്നിവർ പറഞ്ഞു. ഇടത്തരം തോട്ടങ്ങളുടെ ഭാഗമായിരുന്നതും ഉടമകളുടെ മരണത്തെത്തുടർന്നു അവകാശികൾക്കു ലഭിച്ചതുമായ ഭൂമി കൈവശം വയ്ക്കുന്നവർക്കും അവകാശികളിൽനിന്നു സ്ഥലം വിലയ്ക്കുവാങ്ങിയവർക്കുമാണ് താലൂക്ക് ലാൻഡ് ബോർഡ് നോട്ടീസ് ലഭിച്ചത്. രണ്ടു പതിറ്റാണ്ടിലധികമായി ഭൂമി കൈവശം വയ്ക്കുന്ന ഭൂമി പണയപ്പെടുത്തി ബാങ്കിൽനിന്നു ഭവനവായ്പയെടുത്തവരും നോട്ടീസ് ലഭിച്ചതിൽ ഉൾപ്പെടും.
പ്ലാന്റേഷനുകളുടെ ഭാഗമായിരുന്ന ഭൂമി കൈവശം വയ്ക്കുന്നവരിൽ അധികവും വൈത്തിരി താലൂക്കിലാണ്. കൽപ്പറ്റ വില്ലേജിൽ മാത്രം 100ൽപരം കുടുംബങ്ങളാണ് ലാൻഡ്‌ബോർഡ് നടപടി നേരിടുന്നത്. കൈവശഭൂമിയിൽ വീട് വയ്ക്കാനും കൈമാറാനും ബാങ്കിൽ പണയപ്പെടുത്തി വായ്പയെടുക്കാനും മക്കൾക്കു ഭാഗിച്ചുനൽകാനും കഴിയാത്ത സ്ഥിതിയിലാണ് കൈവശക്കാർ. വില്ലേജ് ഓഫീസിൽ ഭൂനികുതി സ്വീകരിച്ചാൽത്തന്നെ ശീട്ടിനു പുറത്ത് ലാൻഡ്‌ബോർഡ് കേസുള്ള ഭൂമിയാണെന്നു എഴുതിച്ചേർക്കുകയാണ്.
ഈ നികുതിശീട്ട് വായ്പ ആവശ്യത്തിനു പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. കൈവശഭൂമിയിൽ വീട് വയ്ക്കുന്നതിനുള്ള അനുമതിക്കു കെഎൽആർ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയാണ് തദ്ദേശ സ്ഥാപനങ്ങൾ.
റവന്യൂ അധികാരികളാകട്ടെ കെഎൽആർ സർട്ടിഫിക്കറ്റ് നിഷേധിക്കുകയുമാണ്. പല സ്ഥലങ്ങളിലും വസ്തു കൈമാറ്റവും അധികാരികൾ തടയുകയാണ്. ജില്ലയിലെ മിക്ക സ്വകാര്യ ഭൂമികളും 1963ലെ ഭൂപരിഷ്‌കരണ നിയമപ്രകാരം ഇളവു ലഭിച്ച പ്ലാന്റേഷനുകളിൽപ്പെട്ടതാണ്.
ഒരു വ്യക്തിക്കു ഏഴും നാലംഗങ്ങൾ വരെയുള്ള കുടുംബത്തിനു 15ഉം ഏക്കർ ഭൂമി കൈവശം വയ്ക്കാമെന്നു ഭൂപരിഷ്‌കരണ നിയമം വ്യവസ്ഥചെയ്യുന്നുണ്ട്. ഇതനുസരിച്ചു കൈവശംവയ്ക്കുന്ന ഭൂമി മൊത്തമായോ ചില്ലറയായോ വിൽക്കുന്നതിനു നിയമപരമായ തടസമില്ല.
എന്നിരിക്കെയാണ് റവന്യൂ അധികാരികൾ നിയമം ദുരുപയോഗം ചെയ്തു കൈവശകുടുംബങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്നു സമിതി ഭാരവാഹികൾ പറഞ്ഞു. ലാൻഡ് ബോർഡ് നോട്ടീസ് ലഭിച്ചവരുടെ കൺവൻഷൻ 26നു രാവിലെ 10.30നു വെള്ളാരംകുന്നിലെ ഫലാഹ് പബ്ലിക് സ്‌കൂളിൽ സംഘടിപ്പിക്കാൻ സമിതി തീരുമാനിച്ചു.
പ്രതിസന്ധി തരണം ചെയ്യാനുള്ള പരിപാടികൾ കൺവൻഷനിൽ ചർച്ചചെയ്തു രൂപപ്പെടുത്തും. മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ അനുകൂല നടപടി ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിനു സമിതി നേതൃത്വം നൽകാനാണ് സമിതിയുടെ തീരുമാനം.