ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് കൂടുതല്‍ ഭൂമി കൈവശം വെച്ചതിനെതിരെ പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ ലാന്റ് ബോര്‍ഡ് അന്വേഷണം. 207.84 ഏക്കര്‍ ഭൂമി കൈവശം ഉണ്ടെന്ന തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. എം.എല്‍.എ നിയമവിരുദ്ധമായി കൈവശം വെക്കുന്ന ഭൂമി കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും കത്തുനല്‍കിയിരുന്നു. ഇതിന് പുറമെ ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ മുരുകേശന്‍ കഴിഞ്ഞ 29ന് ഏറനാട് ലാന്റ് റവന്യൂ ബോര്‍ഡിനും പരാതി നല്‍കി.
തോട്ടഭൂമിയല്ലാത്ത 207.84 ഏക്കര്‍ ഭൂമി ഉണ്ടെന്നാണ് പി.വി അന്‍വര്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഭൂപരിഷ്‌കരണ നിയമപ്രകാരം കേരളത്തില്‍ വ്യക്തിക്ക് എഴ് ഏക്കറും കുടുംബത്തിന് പരമാവധി 15 ഏക്കറും ഭൂമി മാത്രമേ കൈവശം വക്കാവൂ. അധികമുണ്ടെങ്കില്‍ അതു തോട്ടം ഭൂമിയായിരിക്കണം. ഈ രണ്ടു വ്യവസ്ഥകളും എം.എല്‍.എ ലംഘിച്ചുവെന്നാണ് പരാതി. മലപ്പുറം ജില്ലയിലെ കൃക്കലങ്ങോട്, പെരുകമണ്ണ, കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി വില്ലേജുകളിലായി അന്‍വര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി തോട്ടഭൂമി പരിധിയില്‍ പെടുന്നവയല്ല. നിയമ ലംഘനം മറച്ചു വെക്കാനായി ഏക്കറിനു പകരം ചതുരശ്ര അടിക്കണക്കിലാണ് സത്യവാങ്മൂലത്തില്‍ ഭൂമിയുടെ അളവ് രേഖപ്പെടുത്തിയിരുന്നത്.
ആദ്യഘട്ടമായി പ്രാഥമിക പരിശോധന നടത്താണ് ലാന്റ് ബോര്‍ഡ് തീരുമാനം. രണ്ടാം ഘട്ടത്തില്‍ എം.എല്‍.എയെ വിളിച്ചുവരുത്തി വിശദീകരണം തേടും. ഇതിനിടെ അന്‍വര്‍ അനധികൃതമായി നിര്‍മിച്ച കക്കാടം പൊയില്‍ ചീങ്കണ്ണിപാലിയിലെ വിവാദ തടയണ പൊളിച്ചുമാറ്റാന്‍ മലപ്പുറം ജില്ലാകലക്ടര്‍ 2015ല്‍ ഉത്തരവിട്ടതിന്റെയും അതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ പൊളിച്ചുമാറ്റുന്നതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയതിന്റെയും രേഖകള്‍ പുറത്തായി. ഇത്രയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കെ തടയണ പൊളിച്ചു നീക്കുന്നതിനായി പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചത് സര്‍വീസ് ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണെന്നും ആക്ഷേപമുയര്‍ന്നു. 2015 ല്‍ തടയണ പൊളിച്ച് മാറ്റാന്‍ മലപ്പുറം കലക്ടര്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കാതെ കീഴുദ്യോഗസ്ഥരുടെ യോഗം വിളിച്ചത് എം.എല്‍.എയെ സഹായിക്കാനാണെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷവും ആര്‍.ഡി.ഒ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചതാണ് ദുരൂഹത സൃഷ്ടിക്കുന്നത്.