X

പി.വി.അന്‍വറിന്റെ കൈവശം 19 ഏക്കര്‍ അധിക ഭൂമിയെന്ന് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തല്‍,അന്‍വറിനും കുടുംബത്തിനും നോട്ടീസ്

കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ കൈവശം 19 ഏക്കര്‍ അധിക ഭൂമിയെന്ന് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തല്‍. ഇടതു സര്‍ക്കാറിലെ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ പണി പതിനെട്ടും പയറ്റുമ്പോഴും അന്‍വറിന് കുരുക്ക് മുറുകുകയാണ്. ഭൂപരിധി മറികടന്നെന്നു കാണിച്ച് അന്‍വറിനും കുടുംബാംഗങ്ങള്‍ക്കും ലാന്‍ഡ് ബോര്‍ഡ് നോട്ടീസും അയച്ചിട്ടുണ്ട്. മിച്ചഭൂമി കേസ് തീര്‍പ്പാക്കുന്നതിന് ഹൈക്കോടതിയില്‍നിന്ന് മൂന്ന് മാസം കൂടി സാവകാശം തേടിയതിന് പിന്നാലെയാണ് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് നടപടി വേഗത്തിലാക്കിയത്.

അധികഭൂമി സംബന്ധിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് അന്‍വറിനും കുടുംബത്തിനും അയച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ നടപടികള്‍ നീണ്ടുപോകുന്നുവെന്നും ലാന്‍ഡ് ബോര്‍ഡ് പറയുന്നു.
അന്‍വറും കുടുംബവും ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായി ആവര്‍ത്തിച്ച വിവരാവകാശ കൂട്ടായ്മ ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറി. 34.37 ഏക്കര്‍ ഭൂമിയുടെ രേഖകളാണ് കൈമാറിയത്. നേരത്തെ 12.46 ഏക്കര്‍ അധികഭൂമിയുടെ രേഖകള്‍ ഇവര്‍ കൈമാറിയിരുന്നു.

എന്നാല്‍ ഇതെല്ലാം മിച്ചഭൂമിയാണെന്ന വാദം തളളിയ അന്‍വറിന്റെ അഭിഭാഷകന്‍ ഭൂപരിഷ്‌കരണ നിയമത്തിലെ ഇളവുകളനുസരിച്ചുളള ഭൂമി മാത്രമാണ് കൈവശം വയ്ക്കുന്നതെന്ന് അറിയിച്ചു. തുടര്‍ന്നാണ് ഇരുകൂട്ടരോടും എല്ലാ തെളിവുകളും ഓഗസ്റ്റ് 10നകം ഹാജരാക്കാന്‍ ലാന്‍ഡ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇത് പരിശോധിച്ച ശേഷമാണ് ലാന്‍ഡ് ബോര്‍ഡ് 19 ഏക്കര്‍ അധികമുണ്ടെന്ന് സ്ഥിരീകരിച്ചത്.

ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് ഒരു കുടുംബത്തിന് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറാണ്. ഇതനുസരിച്ച് തന്നെ ലാന്‍ഡ് ബോര്‍ഡിന് തുടര്‍ നടപടികളിലക്ക് കടക്കാം. നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് മാത്രമാണ് ഭൂമി കൈവശമുളളതെന്ന് വാദിക്കുമ്പോഴും ഇതു സംബന്ധിച്ച മുഴുവന്‍ രേഖകളും ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാന്‍ പി.വി അന്‍വറിന് കഴിഞ്ഞിട്ടില്ല.
പി.വി അന്‍വറും കുടുംബവും കൈവശം വച്ചിരിക്കുന്ന അധിക ഭൂമി തിരിച്ചുപിടിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഒന്നര വര്‍ഷമായിട്ടും നടപ്പാക്കാത്തതിനെതുടര്‍ന്നാണ് ഹര്‍ജിക്കാര്‍ കോടതിയലക്ഷ്യ നടപടികളിലേക്ക് കടന്നത്. എന്നാല്‍ കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനായി ലാന്റ് ബോര്‍ഡിനെ തന്നെ ഉടച്ചു വാര്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ഡെപ്യൂട്ടി കലക്ടര്‍ ചെയര്‍മാനായ താലൂക്ക് ലാന്റ് ബോ ര്‍ഡുകള്‍ക്ക് പകരം സോണല്‍ ലാന്റ് ബോര്‍ഡും അതിനു കീഴില്‍ സോണല്‍ സബ് താലൂക്ക് ലാന്റ് ബോര്‍ഡ് ഓഫീസുകളുമാക്കി മാറ്റിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ അന്‍വറിനെതിരായ മിച്ച ഭൂമി കേസിലെ നടപടികള്‍ സര്‍ക്കാര്‍ അട്ടിമറിച്ചത്. ഇതോടെ കേസ് പരിഗണിച്ചിരുന്ന താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍പേഴ്‌സണായ കോഴിക്കോട് ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.പി ശാലിനി പദവി ഒഴിഞ്ഞു. പകരം കണ്ണൂര്‍ സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനായ ഡെപ്യൂട്ടി കലക്ടര്‍ എം.എച്ച് ഹരീഷിനാണ് ചുമതല ലഭിച്ചത്. ഇതോടെ നടപടികള്‍ നിലച്ചു. എന്നാല്‍ ഹൈക്കോടതി മുമ്പാകെ കോടതിയലക്ഷ്യ ഹര്‍ജി എത്തിയതോടെ കണ്ണൂര്‍ സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ ഹൈക്കോടതിയോട് സാവകാശം തേടുകയായിരുന്നു. ഉത്തരവ് നടപ്പാക്കുന്നതിലുണ്ടായ വീഴ്ചയില്‍ ഉപാധിരഹിത മാപ്പപേക്ഷയും ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ സത്യവാങ്മൂലത്തിനൊപ്പം കോടതിക്കു നല്‍കിയിരുന്നു.

webdesk11: