വാഷിങ്ടണ്‍: ലോകപ്രശസ്ത അമേരിക്കന്‍ ഗായിക ലന ഡെല്‍ റേ ഇസ്രാഈലിലെ സംഗീത പരിപാടിയില്‍നിന്ന് പിന്മാറി. ഫലസ്തീന്‍ പ്രവര്‍ത്തകരുടെയും ആരാധകരുടെയും അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് പിന്മാറ്റം. ഇസ്രാഈലിലും ഫലസ്തീനിലും സംഗീത പരിപാടി സംഘടിപ്പിക്കേണ്ടത് തനിക്ക് പ്രധാനമാണെന്ന് അവര്‍ ട്വിറ്ററില്‍ പറഞ്ഞു. എന്റെ എല്ലാ ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. ഭാവിയില്‍ ഇസ്രാഈലും ഫലസ്തീനും സന്ദര്‍ശിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ -ഡെല്‍ റേ പ്രത്യാശ പ്രകടിപ്പിച്ചു.
ഫലസ്തീനികളോട് ക്രൂരമായി പെരുമാറുന്ന ഇസ്രാഈല്‍ നയങ്ങളില്‍ പ്രതിഷേധിച്ച് സംഗീത പരിപാടി ഉപേക്ഷിക്കാന്‍ ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഗായികയോട് ആവശ്യപ്പെട്ടിരുന്നു. ഈമാസം ആറ് മുതല്‍ എട്ട് വരെ ഇസ്രാഈലില്‍ നടക്കുന്ന മിറ്റിയര്‍ ഉത്സവത്തില്‍ പങ്കെടുക്കുന്ന കലാകാരന്മാരില്‍ പ്രമുഖയാണ് ഡെല്‍ റേ. വടക്കന്‍ ഇസ്രാഈലിലെ സഹകരണ കര്‍ഷക ഗ്രാമത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഫലസ്തീനികള്‍ക്ക് അനുമതിയില്ല. ഇസ്രാഈല്‍, ഫലസ്തീന്‍ ആരാധകര്‍ക്ക് ഒരുപോലെ സംഗീത പരിപാടി ഒരുക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പിന്മാറ്റ വിവരം അറിയിച്ചുകൊണ്ട് ഡെല്‍ റേ വ്യക്തമാക്കി. ഇസ്രാഈലിലും ഫലസ്തീനിലും പര്യടനത്തിന് അവസരം കിട്ടുമ്പോള്‍ താന്‍ എത്തുമെന്ന് അവര്‍ അറിയച്ചു.
ഇസ്രാഈലിലെ പരിപാടിയില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീനിയന്‍ കാമ്പയിന്‍ ഫോര്‍ അക്കാദമിക് ആന്റ് കള്‍ച്ചറല്‍ ബോയ്‌കോട്ടും ജൂവിഷ് വോയിസ് ഫോര്‍ പീസും ഡെല്‍ റേയോട് ആവശ്യപ്പെട്ട്. 15,000 പേര്‍ ഒപ്പുവെച്ച കത്തും നല്‍കിയിരുന്നു. ഫലസ്തീനിലെ ഇസ്രാഈല്‍ നടപടികളില്‍ പ്രതിഷേധിച്ച് മുമ്പും നിരവധി കലാകാരന്മാര്‍ തങ്ങളുടെ ഇസ്രാഈല്‍ പരിപാടികള്‍ ബഹിഷ്‌കരിച്ചിട്ടുണ്ട്. അനവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ലന ഡെല്‍ റേ ഗാനരചയിതാവ് കൂടിയാണ്. എലിസബത്ത് വൂല്‍റിഡ്ജ് ഗ്രാന്റ് എന്നാണ് യഥാര്‍ത്ഥ പേര്.