X

വിമാനയാത്ര അനുവദിച്ചില്ല; ചികിത്സക്കായി ലാലുപ്രസാദ് യാദവിന് തീവണ്ടിയാത്ര

ന്യൂഡല്‍ഹി: ആര്‍.ജെ.ഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവിനെ അസുഖം മൂലം ഡല്‍ഹിയിലെ എയിംസില്‍(ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) പ്രവേശിപ്പിച്ചു. കഴിഞ്ഞ 17-ാംതിയ്യതിമുതല്‍ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കലില്‍ അദ്ദേഹം ചികിത്സയിലായിരുന്നു. ലാലുവിന്റെ ആരോഗ്യനിലയില്‍ കാര്യമായ മാറ്റമില്ലാത്തതുകൊണ്ടാണ് എയിംസിലേക്ക് മാറ്റാന്‍ ആസ്പത്രി അധികൃതര്‍ അറിയിച്ചത്.

എന്നാല്‍ ചികിത്സക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ ലാലുവിന് വിമാനയാത്രക്ക് അനുമതി നല്‍കിയില്ലെന്ന് ആര്‍.ജെ.ഡി സംസ്ഥാന നേതാവ് അന്നപൂര്‍ണ്ണ ദേവി പറഞ്ഞു. സ്വന്തം ചിലവിലാണ് യാത്രക്ക് അപേക്ഷിച്ചതെന്നും അവര്‍ വ്യക്തമാക്കി. അനുമതി നിഷേധിച്ചതോടെ യാത്ര തീവണ്ടിയിലാക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലുമണിക്ക് രാജധാനി എക്‌സ്പ്രസ്സിലാണ് ലാലു ഡല്‍ഹിയിലേക്ക് തിരിച്ചത്. എം.എല്‍.എ മാര്‍ ഉള്‍പ്പെടെ ആര്‍.ജെ.ഡിനേതാക്കള്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ലാലുപ്രസാദിന്റെ ആരോഗ്യനില അത്ര നല്ലതല്ലെന്നും അവര്‍ക്കൊപ്പം ഒരു ഡോക്ടറെ അനുവദിക്കാന്‍ പോലും പൊലീസ് വിസമ്മതിച്ചുവെന്നും നേതാക്കള്‍ പറഞ്ഞു. വൃക്ക സംബന്ധമായ രോഗത്തിനൊപ്പം ലാലുപ്രസാദ് യാദവിന് ഉയര്‍ന്ന പ്രമേഹവും രക്തസമ്മര്‍ദ്ദവും ഇപ്പോഴുണ്ട്. ആരോഗ്യസ്ഥിതി വിലയിരുത്തിയതിന് ശേഷം ലാലുവിന് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു.

2017 ഡിസംബര്‍ 23 മുതല്‍ കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവ് ജയിലിലാണ്. മൂന്ന് കേസുകളിലുമായി 14വര്‍ഷത്തോളമാണ് ജയില്‍ശിക്ഷ അനുഭവിക്കേണ്ടത്. ബിര്‍സ മുണ്ട ജയിലില്‍ കഴിഞ്ഞിരുന്ന ലാലുവിനെ കഴിഞ്ഞ 17-നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

chandrika: