X

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദളിതനല്ലെന്ന് ലാലു പ്രസാദ് യാദവ്

 

പറ്റ്‌ന: രാഷ്ട്രപതി തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ രാം നാഥ് കോവിന്ദിനെതിരെ ഗുരുതര ആരോപണവുമായി ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത്. രാം നാഥ് കോവിന്ദ് ദളിതനല്ലെന്നും അദ്ദേഹം ഒ.ബി.സി വിഭാഗക്കാരനാണെന്നും ലാലു അവകാശപ്പെട്ടു. ആര്‍.ജെ.ഡി രൂപീകരണത്തിന്റെ 21-ാം വാര്‍ഷിക ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് ലാലു ഇക്കാര്യം പറഞ്ഞത്. കോവിന്ദ് ഉത്തര്‍ പ്രദേശിലെ ചെറു ന്യൂനപക്ഷമായ കോലി സമുദായാംഗമാണെന്നും, കോലി വിഭാഗക്കാര്‍ മറ്റു പിന്നാക്ക വിഭാഗത്തിലാണ് (ഒ.ബി.സി) ഉള്‍പ്പെടുന്നതെന്നും ലാലു പറഞ്ഞു. ഗുജറാത്തിലും അഞ്ച്, ആറ് ശതമാനം കോലി സമുദായാംഗങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ബിഹാറിന്റെ പുത്രി മീരാ കുമാറിന്റെ വിജയം ഉറപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ലാലു പറഞ്ഞു. അതിനിടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്കു മാര്‍ച്ച് ചെയ്ത കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗം നേതാക്കളെ പറ്റ്‌നയില്‍ പൊലീസ് അറസ്റ്റു ചെയ്തു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും പ്രതിപക്ഷ പാര്‍ട്ടികളേയും മാധ്യമങ്ങളേയും ഭീഷണിപ്പെടുത്തുകയാണെന്നും ലാലു ആരോപിച്ചു. ആഗസ്ത് 27ന് പറ്റ്‌നയില്‍ വിളിച്ചു ചേര്‍ത്ത റാലിയില്‍ കോണ്‍ഗ്രസ്, എന്‍.സി.പി, ടി.എം.സി, ഇടത് പാര്‍ട്ടികള്‍, ബി.ജെ.ഡി, എസ്.പി, ബി.എസ്.പി നേതാക്കള്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അഖിലേഷ് യാദവിനേയും മായാവതിയേയും ഒരുമിപ്പിക്കാനുള്ള ശ്രമം താന്‍ നടത്തുന്നുണ്ടെന്നും ലാലു പറഞ്ഞു. എസ്.പിയും ബി.എസ്.പിയും ഒരു മേല്‍ക്കൂരക്കു കീഴില്‍ വരുന്ന ദിനത്തില്‍ 2019ലെ തെരഞ്ഞെടുപ്പ് എന്ന മത്സരം അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: