ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലു കേസിലും ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പ്രത്യേകം വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. ലാലുവിനെതിരെയുള്ള ഗൂഢാലോചനാ കുറ്റം ഒഴിവാക്കിക്കൊണ്ടുള്ള ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി തള്ളിയാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബഞ്ചിന്റെ ഉത്തരവ്.
ഒമ്പതു മാസത്തിനുള്ളില്‍ കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശിച്ചു. ഓരോ കേസിലും പ്രത്യേകം വിചാരണ നേരിടണമെന്ന് കോടതി വിധിന്യായത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
1990കളില്‍ സംസ്ഥാന മൃഗപരിപാലന വകുപ്പില്‍ നിന്ന് വിവിധ ജില്ലകളില്‍ 900 കോടി രൂപയുടെ അനധികൃത പിന്‍വലിക്കല്‍ നടന്നതാണ് കാലിത്തീറ്റ കുംഭകോണം. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ്മിശ്ര, മുന്‍ ചീഫ് സെക്രട്ടറി സജല്‍ ചക്രബര്‍ത്തി തുടങ്ങിയവര്‍ ഇതില്‍ പ്രതികളാണ്. അന്നത്തെ ആരോപണത്തില്‍ ലാലുവിന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൊത്തം 64 കേസുകളാണ് നിലവിലുള്ളത്. ഇതില്‍ 53 എണ്ണം റാഞ്ചിയിലെ കോടതിയാണ് പരിഗണിക്കുന്നത്.
കേസില്‍ 2013 സെപ്തംബര്‍ 30ന് സി.ബി.ഐ കോടതി ലാലുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ 2014ല്‍ ഹൈക്കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീലിലാണ് ഇപ്പോഴത്തെ കോടതി വിധി.