X
    Categories: MoreViews

കാലിത്തീറ്റ കുംഭകോണം: ലാലുവിനെതിരായ ശിക്ഷാവിധി ഇന്ന്

 

റാഞ്ചി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ അഴിമതിക്കേസിലെ വിധി റാഞ്ചിയിലെ സി. ബി. ഐ കോടതി ഇന്നത്തേക്ക് മാറ്റി. ബുധനാഴ്ച പ്രഖ്യാപിക്കാനിരുന്ന ശിക്ഷാവിധി അഭിഭാഷകന്‍ അന്തരിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു.

ഇന്നലെ നാടകീയ സംഭവങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. കേസ് പരിഗണിക്കവെ അഭിഭാഷകരല്ലാത്തവരെല്ലാം പുറത്ത് പോകണമെന്ന് ജഡ്ജി ശിവ്പാല്‍ സിങ് ആവശ്യപ്പെട്ടു. പ്രായം എഴുപതു കഴിഞ്ഞെന്നും ശാരീരിക അവസ്ഥ പരിഗണിച്ച് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും ലാലു അപേക്ഷിച്ചു. തുടര്‍ന്ന് കേസ് ശിക്ഷാ പ്രഖ്യാപനം വെള്ളിയാഴ്ചത്തേക്ക് മാറ്റുന്നതായി കോടതി വ്യക്തമാക്കി.

ലാലുവടക്കമുള്ള 16 പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലിലേക്ക് തന്നെ കൊണ്ടുപോയി. ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാവും ശിക്ഷാവിധിയെന്നും സൂചനയുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റാഞ്ചിയില്‍ പൊലീസ് സന്നാഹം ശക്തമാക്കി. 1991-94 കാലയളവില്‍ ദേവ്ഗഡ് ട്രഷറിയില്‍ നിന്ന് 89 ലക്ഷം രൂപ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് ലാലുവിനും കൂട്ടുപ്രതികള്‍ക്കുമെതിരെയുളള കേസ്. ലാലു അടക്കം 16 പേര്‍ക്കെതിരെ അഴിമതി നിരോധന നിയമം, ഇന്ത്യ ന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി റാഞ്ചി സി.ബി.ഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.

വിധിക്കെതിരെ ടെലിവിഷന്‍ ചാനലുകളില്‍ വിമര്‍ശനമുന്നയിച്ച ലാലുവിന്റെ മകനും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്, ആര്‍.ജെ.ഡി നേതാക്കളായ രഘുവംശ് പ്രസാദ് സിങ്, ശിവാനന്ദ് തിവാരി എന്നിവര്‍ക്ക് ജഡ്ജി ശിവ്പാല്‍ സിങ് അപകീര്‍ത്തി നോട്ടീസ് അയച്ചിരുന്നു.
ഇവര്‍ ഈ മാസം 23ന് നേരിട്ട് ഹാജരാകണം. കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആ ര്‍.ജെ.ഡിയുടെയും കോണ്‍ഗ്രസിന്റെയും നിലപാട്.

chandrika: