X

ലാലുവും നിതീഷും; ഒരപൂര്‍വ ബന്ധത്തിന്റെ കഥ

 
പട്‌ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ ദശാബ്ദങ്ങളായ രണ്ടേ രണ്ടു വന്‍തോക്കുകളേ ഉള്ളൂ. ഒന്ന്് ലാലുവും മറ്റൊന്ന് നിതീഷും. രണ്ടു പേരും അതതു പാര്‍ട്ടിയിലെ മുടിചൂടാ മന്നന്മാര്‍.
നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡിനെന്ന പോലെ, ലാലുവിന്റെ രാഷ്ട്രീയ ജനതാദളിനും പകരം വയ്ക്കാന്‍ മറ്റൊരാളില്ല. ഇപ്പോള്‍ പരസ്പരം തെറ്റിപ്പിരിഞ്ഞ് വഴിത്തിരിവെത്തി നില്‍ക്കുന്ന ഇരുവരുടെയും ബന്ധത്തിന് ദശാബ്്ദങ്ങളുടെ പഴക്കമുണ്ട്; ഇരുവരുടെയും വിദ്യാര്‍ത്ഥിക്കാലം വരെ.
പട്‌ന സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരപിക്കെയാണ് ഇരുവരും അടുക്കുന്നത്. അടിയന്തരാവാസ്ഥക്കാലത്ത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു ഇരുവരും. പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നതിന് ഇരുവരും ഒന്നിച്ച് ജയില്‍വാസവും അനുഷ്ഠിച്ചിട്ടുണ്ട്. 1990ലാണ് ലാലു സംസ്ഥാത്തിന്റെ മുഖ്യമന്ത്രിയായത്. ജനതാദള്‍ സീറ്റുകള്‍ തൂത്തുവാരിയ തെരഞ്ഞെടുപ്പായിരുന്നു അത്. അന്ന് ലാലുവിനെ വിജയത്തിന്റെ ചാണക്യന്‍ എന്നായിരുന്നു നിതീഷ് വിശേഷിപ്പിച്ചത്. നാലു വര്‍ഷത്തിന് ശേഷം പാര്‍ട്ടിയില്‍ ലാലുവിനെതിരെ ഉരുവം കൊണ്ട് വിമതരില്‍ നിതീഷെത്തിയതോടെ ഇരുവരും ഭിന്നധ്രുവങ്ങളിലായി.
1994 ജൂണ്‍ ഒന്നിന് ജനതാദള്‍ വിട്ട് നിതീഷ്, ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം സമതാ പാര്‍ട്ടി രൂപീകരിച്ചു. അതിനിടെ, 1997ല്‍ കാലിത്തീറ്റ കുംഭകോണത്തില്‍ ലാലുവിനെ കുറ്റവിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ എ.ആര്‍ കിദ്വായി അനുമതി നല്‍കിയത് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ചലനങ്ങളുണ്ടാക്കി.
ഇതോടെ ലാലുവും മാതൃകക്ഷി വിട്ടു. രാഷ്ട്രീയ ജനതാദള്‍ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി പദം ത്യജിക്കേണ്ടി വന്ന ലാലു ഭാര്യ റാബ്രി ദേവിയെ മുഖ്യമന്ത്രിയാക്കി. രണ്ടായിരത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിതീഷിന്റെ സമതാപാര്‍ട്ടിയെ തോല്‍പ്പിച്ച് ലാലു മധുരപ്രതികാരം ചെയ്തു. റാബ്രി ദേവിയായിരുന്നു മുഖ്യമന്ത്രിയെങ്കിലും ലാലുവായിരുന്നു യഥാര്‍ത്ഥ മുഖ്യന്‍. ഇതിനിടെ, ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ സമതാപാര്‍ട്ടിയുമായി ലയിച്ച് ജനതാദള്‍ യുണൈറ്റഡ് രൂപീകരിക്കപ്പെട്ടു.
പിന്നാലെ വന്ന 2005ലെ തെരഞ്ഞെടുപ്പില്‍ പക്ഷേ ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ല. തൂക്കുസഭയ്ക്ക് ശേഷം രാഷ്ട്രപതി ഭരണം വന്നു. അതിനു ശേഷം 2005ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് നിതീഷ് കുമാര്‍ ബി.ജെ.പി പിന്തുണയോടെ ആദ്യമായി അധികാരത്തിലെത്തിയത്.
2010ല്‍ വീണ്ടും നിതീഷ് അധികാരമേറി. അതിനിടെ, 2013ല്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചര്‍ച്ചകള്‍ ന്യൂഡല്‍ഹിയില്‍ വട്ടമിട്ടു. അത്തരമൊരു പദ്ധതി മനസ്സിലുണ്ടായിരുന്ന നിതീഷ് 17 വര്‍ ഷ ത്തെ എന്‍.ഡി.എ ബന്ധം അവസാനിപ്പിച്ച് സഖ്യം വിട്ടു. അടിസ്ഥാനമൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല എന്നായിരുന്നു പ്രഖ്യാപനം.
സഖ്യം വിട്ടതിന്റെ ചുവടുപിടിച്ച് ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസത്തെ കോണ്‍ഗ്രസ് പിന്തുണയോടെ ജെ.ഡി.യു അതിജീവിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. 40 ലോക്‌സഭാ സീറ്റില്‍ രണ്ടിടത്ത് മാത്രമാണ് ജെ.ഡി.യുവിന്് വിജയിക്കാനായിരുന്നത്.
എന്‍.ഡി.എ സഖ്യത്തിന് 28 സീറ്റു കിട്ടി. 2014 ജൂലൈ 27ന് മഹാസഖ്യം പ്രഖ്യാപിക്കപ്പെട്ടു. ബി. ജെ.പിക്കെതിരെ ആര്‍. ജെ. ഡി യും കോണ്‍ഗ്രസും ഒന്നിച്ചു. 2015 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 243 സീറ്റില്‍ 178 ഇടത്ത് വിജയിച്ചാണ് മഹാസഖ്യം അധികാരത്തിലെത്തിയത്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ലാലു, പ്രഖ്യാപിച്ച പോലെ നിതീഷിന് തന്നെ മുഖ്യമന്ത്രി പദം നല്‍കി. താനാണ് നിതീഷിനെ മുഖ്യമന്ത്രിയാക്കിയത് എന്ന് പലപ്പോഴും പ്രഖ്യാപിക്കുകയും ചെയ്തു.

chandrika: