X

റെയ്ഡ് നടത്തി എന്താണ് കണ്ടെത്തിയതെന്ന് സിബിഐ പറയണം: ലാലു

പറ്റ്‌ന: തനിക്കെതിരെ അഴിമതിയാരോപിച്ച് നടത്തുന്ന റെയ്ഡുകളെ ഭയക്കുന്നില്ലെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. ഇരുപത് വര്‍ഷത്തോളമായി താന്‍ സിബിഐ അന്വേഷണം നേരിടുന്നു. സുപ്രീംകോടതിയില്‍ നടന്ന അനധികൃത സ്വത്ത് സമ്പാദന കേസില്‍ താന്‍ വിജയിച്ചിരുന്നു. തുടര്‍ന്ന് റെയ്ഡുകള്‍ നടത്തി തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും തന്നെ അപമാനിക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നും ലാലു ആരോപിച്ചു. കാലിത്തീറ്റ കുംഭകോണക്കേസില്‍ സിബിഐ കോടതിയില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്രമാതീതമായ സ്വത്ത് സമ്പാദനമുന്നയിച്ച് കാലങ്ങളായി കുപ്രചാരണങ്ങള്‍ നടക്കുകയാണ്. തന്റെ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ എന്താണ് കണ്ടെത്താനായതെന്ന് സിബിഐ വ്യക്തമാക്കണം- ലാലു പറഞ്ഞു.
പറ്റ്‌നയിലെ ലാലുപ്രസാദ് യാദവിന്റെ വീടുകള്‍ കേന്ദ്രീകരിച്ച് ഇന്നലെ റെയ്ഡ് നടന്നിരുന്നു. നരേന്ദ്രമോദി- അമിത്ഷാ എന്നീ രാഷ്ട്രീയ മേലാളന്മാരുടെ നിര്‍ദ്ദേശപ്രകാരം നടന്ന സംഭവത്തില്‍ പൊലീസിനെ പഴിചാരാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവസമയത്ത് ലാലു റാഞ്ചിയിലായിരുന്നു. താനില്ലാത്ത സമയത്ത് റെയ്ഡ് നടത്തിയത് മോശം പ്രവണതയായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: