X
    Categories: Culture

ലാലിഗ: എയ്ബറും കടന്ന് റയല്‍, വിയ്യാറയലിന് നാലു ഗോള്‍ ജയം

മാഡ്രിഡ്: ഒരു ഗോളടിച്ചും രണ്ടെണ്ണത്തിന് വഴിയൊരുക്കിയും മാര്‍കോ അസന്‍സിയോ മിന്നിയ സ്പാനിഷ് ലാലിഗ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ജയം. സാന്റിയാഗോ ബര്‍ണേബുവില്‍ എതിരില്ലാത്ത മൂന്നു ഗോളിന് റയല്‍ എയ്ബറിനെ കീഴടക്കി. സെല്‍റ്റ വിഗോയെ ഒരു ഗോളിന് വീഴ്ത്തി അത്‌ലറ്റികോ മാഡ്രിഡും ലാസ് പല്‍മാസിനെ നാലു ഗോളിന് തകര്‍ത്ത് വിയ്യാറയലും കരുത്തു കാട്ടിയപ്പോള്‍ അത്‌ലറ്റിക് ബില്‍ബാവോ ലിഗാനീസിനോട് തോറ്റു.

ശനിയാഴ്ച ബാര്‍സ മാലഗയെ വീഴ്ത്തിയതോടെ അവരുമായുള്ള അകലം എട്ട് പോയിന്റായിരുന്ന റയല്‍ ഇന്നലെ പൗളോ ഒലിവേര (ഓള്‍ ഗോള്‍), മാര്‍കോ അസന്‍സിയോ, മാര്‍സലോ എന്നിവരുടെ ഗോളുകളിലാണ് ജയം കണ്ടത്. 18-ാം മിനുട്ടില്‍ ഇസ്‌കോയുടെ ക്രോസില്‍ ബോക്‌സില്‍ നിന്ന് അപകടമൊഴിവാക്കാന്‍ ഉയര്‍ന്നു ചാടി പൗളോ ഒലിവേര തൊടുത്ത ഹെഡ്ഡര്‍ സ്വന്തം വലയിലേക്ക് താണിറങ്ങുകയായിരുന്നു. 28-ാം മിനുട്ടില്‍ ഇസ്‌കോയുടെ ക്രോസില്‍ നിന്ന് തകര്‍പ്പന്‍ ഷോട്ടിലൂടെ അസന്‍സിയോ ലീഡുയര്‍ത്തിയപ്പോള്‍ 82-ാം മിനുട്ടില്‍ അസന്‍സിയോയുടെ പാസില്‍ നിന്ന് മാര്‍സലോ പട്ടിക പൂര്‍ത്തിയാക്കി.

എവേ ഗ്രൗണ്ടില്‍ 28-ാം മിനുട്ടില്‍ കെവിന്‍ ഗമീറോ നേടിയ ഗോളിലാണ് അത്‌ലറ്റികോ മാഡ്രിഡ് സെല്‍റ്റ വിഗോയെ പരാജയപ്പെടുത്തിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം സെഡ്രിക് ബകാംബു (48), മരിയോ ഗാസ്പര്‍ (65), ഷിമോ നവാറോ (ഓണ്‍ഗോള്‍ 67), നിക്കോള സാന്‍സോണ്‍ (93) എന്നിവര്‍ ലാസ് പല്‍മാസിനെതിരെ വിയ്യാറയലിന്റെ ഗോളുകള്‍ നേടി. സ്വന്തം ഗ്രൗണ്ടില്‍ ക്ലോഡിയോ ബ്യൂവൂ 54-ാം മിനുട്ടില്‍ നേടിയ ഗോളിലാണ് ലിഗാനീസ് അത്‌ലറ്റികോ ബില്‍ബാവോയെ വീവ്ത്തിയത്.

ഒന്‍പത് റൗണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 25 പോയിന്റുമായി ബാര്‍സലോണയാണ് ലീഗില്‍ ഒന്നാം സ്ഥാനത്തുള്ളത്. 21 പോയിന്റോടെ വലന്‍സിയയാണ് രണ്ടാമത്. റയല്‍ മാഡ്രിഡ് (20), അത്‌ലറ്റികോ മാഡ്രിഡ് (19) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളില്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: