X
    Categories: Video StoriesViews

വിവാദ ഗോളില്‍ ബാര്‍സക്ക് എട്ടാം ജയം; വലന്‍സിയ രണ്ടാം സ്ഥാനത്ത്

മാഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ കരുത്തരായ ബാര്‍സലോണക്ക് സീസണിലെ എട്ടാം ജയം. പുതിയ സീസണില്‍ തോല്‍വിയറിയാതെ കുതിക്കുന്ന മുന്‍ ചാമ്പ്യന്മാര്‍ എതിരില്ലാത്ത രണ്ടു ഗോളിന് മാലഗയെയാണ് വീഴ്ത്തിയത്. സെവിയ്യയെ മറുപടിയില്ലാത്ത നാലു ഗോളിന് തകര്‍ത്ത് വലന്‍സിയ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. റയല്‍ ബെറ്റിസ് ഡിപോര്‍ട്ടിവോ അലാവസിനെ രണ്ടു ഗോളിന് വീഴ്ത്തിയപ്പോള്‍ ലെവന്റെയും ഗെറ്റാഫെയും സമനിലയില്‍ പിരിഞ്ഞു.

പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്തുള്ള മാലഗയില്‍ നിന്ന് കടുത്ത പോരാട്ടം നേരിട്ട ബാര്‍സ, വിവാദച്ചുവയുള്ള ജെറാര്‍ഡ് ഡെലഫുവിന്റെയും രണ്ടാം പകുതിയിലെ ആേ്രന്ദ ഇനിയസ്റ്റയുടെയും ഗോളുകളിലാണ് ജയം കണ്ടത്. രണ്ടാം മിനുട്ടില്‍ ലൂകാസ് ഡിന്യെ നല്‍കിയ പാസ് വലയിലെത്തിച്ച് ബാര്‍സ കരിയറിലെ ആദ്യ ഗോള്‍ നേടിയ ഡെലഫു ആതിഥേയര്‍ക്ക് ലീഡ് നല്‍കി. ഡെലഫുവിന് ഗോളടിക്കാന്‍ പാകത്തില്‍ ലൂകാസ് ഡിന്യെ പന്ത് നല്‍കിയത് ഗ്രൗണ്ടിന്റെ അതിര്‍ത്തിവരയ്ക്ക് പുറത്തുനിന്നാണെന്ന് റീപ്ലേകളില്‍ വ്യക്തമായെങ്കിലും റഫറി ഗോള്‍ അനുവദിച്ചു. 56-ാം മിനുട്ടില്‍ മെസ്സിയുടെ പാസില്‍ നിന്നുള്ള ഇനിയസ്റ്റയുടെ ഷോട്ട് എതിര്‍താരത്തിന്റെ കാലില്‍ തട്ടി വഴിമാറി വലയിലെത്തിയതോടെ ബാര്‍സ രണ്ടു വര്‍ഷത്തിനിടെ മാലഗക്കെതിരെ ആദ്യജയം സ്വന്തമാക്കി.

സീസണില്‍ മിന്നും പ്രകടനം തുടരുന്ന വലന്‍സിയ ഗോണ്‍സാലോ ഗ്വിഡസ് നേടിയ ഇരട്ട ഗോളിന്റെ കരുത്തിലാണ് സെവിയ്യയെ തകര്‍ത്തത്. സിമോണ്‍ സാസ, സാന്റിയാഗോ മിന്യ എന്നിവരും വലന്‍സിയക്കു വേണ്ടി ലക്ഷ്യം കണ്ടു. ഇതോടെ, റയല്‍ മാഡ്രിഡിനെ പിന്തള്ളി വലന്‍സിയ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനം പിടിച്ചു.

ആന്റോണിയോ സനാബ്രിയ, അലക്‌സിസ് (ഓണ്‍ഗോള്‍) എന്നിവരാണ് അലാവസിനെതിരെ ബെറ്റിസിന് ജയം നല്‍കിയത്. ലെവന്റെക്കെതിരെ ഫൈസല്‍ ഫജര്‍ ഗെറ്റാഫെയെ മുന്നിലെത്തിച്ചെങ്കിലും ജോസ് ലൂയിസ് മൊറാലസ് ആതിഥേയര്‍ക്ക് സമനില സമ്മാനിച്ചു.

ഒമ്പത് റൗണ്ട് മത്സരം പിന്നിട്ടപ്പോള്‍ എട്ട് ജയമടക്കം 25 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ബാര്‍സലോണക്കുള്ളത്. വലന്‍സിയ (21), റയല്‍ മാഡ്രിഡ് (17), അത്‌ലറ്റികോ മാഡ്രിഡ് (16) ടീമുകളാണ് പിന്നാലെ. റയല്‍ ഇന്ന് രാത്രി എയ്ബറിനെയും അത്‌ലറ്റികോ സെല്‍റ്റ വിഗോയെയും നേരിടുന്നുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: