X

മെസിക്ക് 500 ഗോള്‍; ലാലീഗയില്‍ റയല്‍ തന്നെ

ബാര്‍സിലോണ: പതിനേഴ് വയസ്സുള്ളപ്പോള്‍, 2005 മെയ് മാസത്തില്‍ ബാര്‍സിലോണ സീനിയര്‍ ടീമിന് വേണ്ടി ആദ്യ ഗോള്‍-അല്‍ബസറ്റക്കെതിരെ. ഇപ്പോള്‍ 29-ാം വയസ്സില്‍ സെവിയക്കെതിരെ അഞ്ഞൂറാമത് ഗോള്‍…… ലിയോ മെസി ചരിത്രത്തിലേക്ക് പന്ത് തട്ടിയ മറ്റൊരു ദിവസമായിരുന്നു ഇന്നലെ ലാലീഗയില്‍. സെവിയെക്കെതിരെ 2-1 ന്റെ വിജയം ബാര്‍സ കരസ്ഥമാക്കിയപ്പോള്‍ ടീമിന്റെ ആദ്യ ഗോള്‍ സ്വന്തമാക്കി ക്ലബിനായി തന്റെ അഞ്ഞൂറാമത് ഗോളും അര്‍ജന്റീനിന്‍ ഇതിഹാസ താരം സ്വന്തമാക്കി.

ഔദ്യോഗികവും അനൗദ്യോഗികവുമായി ബാര്‍സക്കായി 592 മല്‍സരങ്ങള്‍ കളിച്ചിരിക്കുന്നു സൂപ്പര്‍താരം. ഇത്രയും മല്‍സരങ്ങളില്‍ നിന്നാണ് അഞ്ഞൂറിന്റെ പുണ്യം. 1912 മുതല്‍ 1927 വരെയുള്ള കാലയളവില്‍ ബാര്‍സക്കായി കളിച്ച പൗലിനോ അലക്‌സാണ്ടറയുടെ ഗോള്‍ റെക്കോര്‍ഡ് എത്രയോ മാസം മുമ്പേ തകര്‍ത്ത മെസിയെ തകര്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ് ബാര്‍സയില്‍.
മാഡ്രിഡ്:ലാലീഗയിലെ ഈയാഴ്ച്ചയില്‍ സൂപ്പര്‍ ക്ലബുകള്‍ക്ക് അനായാസ വിജയം. പോയന്റ്് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് ലഗാനസിനെ മൂന്ന് ഗോളിന് തരിപ്പണമാക്കിയപ്പോള്‍ ബാര്‍സിലോണ 2-1ന് ശക്തരായ സെവിയയെ വീഴ്ത്തി. മറ്റ് മല്‍സരങ്ങളില്‍ സെല്‍റ്റാ വിഗോ 2-1ന് വലന്‍സിയയെ തോല്‍പ്പിച്ചപ്പോള്‍ വില്ലാ റയല്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി. എസ്പാനിയോളും അത്‌ലറ്റികോ ബില്‍ബാവോയും തമ്മിലുള്ള മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

ടേബിളില്‍ 11 മല്‍സരങ്ങളില്‍ 27 പോയന്റുണ്ട് റയലിന്. ബാര്‍സക്ക് 25 ഉം. സെവിയക്കെതിരായ മല്‍സരത്തില്‍ ആദ്യം ഗോള്‍ വഴങ്ങിയതിന് ശേഷമാണ് ബാര്‍സ തിരിച്ചടിച്ചത്. ക്ലബിനായി തന്റെ അഞ്ഞൂറാമത് ഗോളുമായി ചാമ്പ്യന്‍താരം ലിയോ മെസി സമനില നേടിയപ്പോള്‍ ഉറുഗ്വേ മുന്‍നിരക്കാരന്‍ ലൂയിസ് സുവാരസ് വിജയ ഗോള്‍ നേടി. ജെറാത്ത് ബെയിലിന്റെ ഇരട്ട ഗോളിലാണ് സൈനുദ്ദീന്‍ സിദാന്‍ പരിശീലിപ്പിക്കുന്ന റയല്‍ സംഘം ലെഗാനസിനെ പരാജയപ്പെടുത്തിയത്. ഒന്നാം പകുതിയില്‍ ഏഴ് മിനുട്ടിനിടെയാണ് വെയില്‍സ് താരം ഇരട്ട ഗോള്‍ നേടിയത്. മൂന്നാം ഗോള്‍ അല്‍വാരോ മോറാത്ത നേടി.

ഇതാദ്യമായി ബെര്‍ണബുവില്‍ കളിക്കാനിറങ്ങിയ ലീഗിലെ കന്നിക്കാരായ ലഗാനസിന് സൂപ്പര്‍ സംഘത്തിന്റെ കടന്നാക്രമണത്തിനെതിരെ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

chandrika: