മാഡ്രിഡ്: സ്പാനിഷ് ലാലീഗ രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ ഒന്നാം സ്ഥാനത്ത് റയല്‍ മാഡ്രിഡ്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ജിറോനയെ 4-1 ന് തരിപ്പണാക്കിയതോടെയാണ് ഗോള്‍ ശരാശരിയില്‍ ബാര്‍സയെ പിറകിലാക്കി റയല്‍ മുന്നിലെത്തിയത്.
കളിച്ച രണ്ട് മല്‍സരങ്ങളിലെ വിജയവുമായി റയലും ബാര്‍സിലോണയും ആറ് പോയന്റില്‍ നില്‍ക്കുന്നു. പക്ഷേ ഗോള്‍ മുന്‍ത്തൂക്കം റയലിന് നേടാനായതാണ് അവരെ ഒന്നാം സ്ഥാനക്കാരാക്കിയത്. റയല്‍ ഇതുവരെ ആറു ഗോളുകള്‍ നേടുകയും ഒന്നു വഴങ്ങുകയുമാണ് ചെയ്തത്. അതേസമയം ഒറ്റ ഗോളും വഴങ്ങിയിട്ടില്ലെങ്കിലും ബാഴ്‌സക്ക് ഇതുവരെ നാല് ഗോളുകള്‍ മാത്രമാണ് നേടാനായത്.
കഴിഞ്ഞ മല്‍സരത്തില്‍ മെസിയും സംഘവും വല്ലഡോലിഡിനെ ഒരു ഗോളിനായിരുന്നു തോല്‍പ്പിച്ചത്.
രണ്ട് വീതം മല്‍സരങ്ങളില്‍ നിന്നായി നാല് പോയിന്റ് വീതം നേടിയ സെവിയെ, എസ്പാനിയോള്‍, റയല്‍ സോസിദാദ്, അത്‌ലറ്റികോ മാഡ്രിഡ് എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍. ക്ലബ് വിട്ട കൃസ്റ്റിയാനോ റൊണാള്‍ഡോക്ക്് പകരം ടീമിന്റെ മുന്‍നിരയിലെ പ്രധാന സ്ഥാനം ലഭിച്ച ജെറാത്ത്് ബെയില്‍ തുടര്‍ച്ചയായ രണ്ടാംമല്‍സരത്തിലും ലക്ഷ്യത്തിലെത്തി. റയലിന്റെ നാല് ഗോളുകളില്‍ രണ്ടെണ്ണം കരീം ബെന്‍സേമ നേടിയപ്പോള്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍.