മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കരുത്തരായ ബാര്‍സലോണക്കും റയല്‍ മാഡ്രിഡിനും ഇന്ന് അഗ്നിപരീക്ഷണങ്ങള്‍. നിലവിലെ ചാമ്പ്യന്മാരായ ബാര്‍സ അത്‌ലറ്റികോ മാഡ്രിഡിനെ അവരുടെ തട്ടകത്തില്‍ നേരിടുമ്പോള്‍ എവേ മത്സരത്തില്‍ വിയ്യാറയല്‍ ആണ് റയല്‍ മാഡ്രിഡിന്റെ എതിരാളികള്‍. അത്‌ലറ്റികോ – ബാര്‍സ മത്സരം 10.45-നും വിയ്യാ റയല്‍ – റയല്‍ മത്സരം 1.15 നും ആരംഭിക്കും.
പോയിന്റ് ടേബിളില്‍ റയല്‍ മാഡ്രിഡിനു (52) തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ബാര്‍സക്കും (51) നാലാം സ്ഥാനത്തുള്ള അത്‌ലറ്റികോയ്ക്കും (45) കിരീട പോരാട്ടത്തില്‍ ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പി.എസ്.ജിക്കെതിരായ ആദ്യപാദത്തില്‍ തന്നെ നാലു ഗോള്‍ വഴങ്ങി പ്രതീക്ഷകള്‍ അസ്തമിച്ച ബാര്‍സക്ക് ലാലിഗയില്‍ വിലപേശണമെങ്കില്‍ ഇനി തോല്‍ക്കാനാവില്ല. കഴിഞ്ഞ വാരം ലിഗാനീസിനെതിരെ 2-1 ന് ജയിച്ചെങ്കിലും ലൂയിസ് എന്റിക്കിന്റെ ടീമിന്റെ പ്രതിരോധ ആകുലതകള്‍ തുറന്നുകാട്ടുന്നതായിരുന്നു മത്സരം.
പ്രതിരോധത്തിലെ വിശ്വസ്തന്‍ ഹവിയര്‍ മഷരാനോയുടെ സേവനം ഇന്നും ബാര്‍സക്ക് നഷ്ടമാവും. പരിക്കുമാറിയ അര്‍ജന്റീനക്കാരന്‍ വെള്ളിയാഴ്ച പരിശീലനത്തിനിറങ്ങിയെങ്കിലും മത്സരത്തിനു മുമ്പ് പൂര്‍ണാരോഗ്യം കൈവരിക്കുമെന്ന് പ്രതീക്ഷയില്ല.
അതേസമയം, മിഡ്ഫീല്‍ഡര്‍ അര്‍ദ തുറാന്‍ തന്റെ മുന്‍ ക്ലബ്ബിനെതിരെ ബൂട്ടുകെട്ടിയേക്കും. ഇന്ന് ജയിക്കാനായാല്‍ തല്‍ക്കാലത്തേക്കെങ്കിലും പോയിന്റ് ടേബിളില്‍ റയലിനെ മറികടക്കാനുള്ള അവസരം ബാര്‍സക്ക് സ്വന്തമാവും. അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ ബയേര്‍ ലെവര്‍കുസനെ അവരുടെ ഗ്രൗണ്ടില്‍ച്ചെന്ന് മുട്ടുകുത്തിച്ച അത്‌ലറ്റികോ മാഡ്രിഡ് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ബാര്‍സയെ അങ്ങേയറ്റം പരീക്ഷിക്കാന്‍ ഡീഗോ സിമിയോണിയുടെ ടീമിന് കഴിയും.
കഴിഞ്ഞയാഴ്ച വലന്‍സിയയോട് തോറ്റ റയല്‍ മാഡ്രിഡിന് വിയ്യാറയല്‍ എളുപ്പമുള്ള എതിരാളികളാവില്ല. പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തുള്ള അവര്‍ സീസണില്‍ നാലുതവണ മാത്രമേ പരാജയം വഴങ്ങിയിട്ടുള്ളൂ. സീസണ്‍ തുടക്കത്തില്‍ സാന്റിയാഗോ ബര്‍ണേബുവില്‍ റയലിനെ സമനിലയില്‍ തളച്ച് വിയ്യ കരുത്തുകാട്ടിയിരുന്നു.