മലപ്പുറം: ഫുട്‌ബോളില്‍ മലപ്പുറത്തുനിന്ന് മറ്റൊരു സന്തോഷ വാര്‍ത്ത. ഐഎസ്എല്‍ ടീം പൂനൈ സിറ്റി എഫ്.സിയിലേക്ക് സെലക്ഷന്‍ ലഭിച്ച് വാര്‍ത്തയിലിടം നേടിയ ആഷിഖ് കുരുണിയനാണ് സാക്ഷാല്‍ മെസ്സിയും ക്രിസ്റ്റിയാനോയും പന്തുതട്ടുന്ന ലാലീഗയിലേക്ക് നോട്ടമിടുന്നത്. പ്രതീക്ഷകളും പ്രാര്‍ഥനകളും സഫലമായാല്‍ മലപ്പുറത്തിന്റെ പുതിയ വാഗ്ദാനം ആഷിഖ് കുരുണിയന്‍ ലാ ലീഗ ക്‌ളബ്ബായ വിയ്യാ റയലിന്റെ താരമാവും. ഐ.എസ്.എ ക്‌ളബ്ബ് എഫ്.സി പുണെ സിറ്റിയുമായി ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പിട്ട ആഷിക് നവംബര്‍ എഴിന് സ്‌പെനിയിലേക്ക പറക്കും. മൂന്നര മാസത്തെ ട്രയല്‍ കം ട്രയ്‌നിങ്ങിനാണ് പുണെ ടീം കൗമാരതാരത്തെ അയക്കുന്നത്.
വിയ്യാ റയലിന്റെ പരിശീലകര്‍ ആഷിഖിന്റെ പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചാല്‍ രാജ്യത്തിന് തന്നെ അഭിമാനമാകുന്ന ആ വാര്‍ത്തയെത്തും. അവരുടെ രണ്ടാം ഡിവിഷന്‍ സംഘത്തിലാണ് ആഷിഖിനെ എടുക്കുക. ഇവിടെനിന്നുണ്ടാകുന്ന പ്രകടനത്തിന്റെ മികവില്‍ വിയ്യാറയലിന്റെ ഒന്നാംനിര ടീമിലും ഇടംനേടിയേക്കാം. ഇതൊന്നും സംഭവിച്ചില്ലെങ്കിലും സ്പാനിഷ് മണ്ണില്‍ ലാ ലീഗ താരങ്ങളോടൊത്ത് പരിശീലിച്ചതിന്റെ അനുഭവ സമ്പത്തുമായി ഇന്ത്യയിലേക്ക് മടങ്ങാം.
കളിക്കാരെ ട്രയല്‍ കം ട്രയ്‌നിങ്ങിന് അയക്കുന്നത് സംബന്ധിച്ച് പുണെ സിറ്റിയും വിയ്യാ റയലും തമ്മിലുള്ള ധാരണയാണ് മുന്നേറ്റക്കാരമായ ആഷിഖിന് തുണയായത്. ഇക്കുറി ഐ.എസ്.എല്ലില്‍ കളിക്കാനിരിക്കെ കാലിനേറ്റ പരിക്ക് ആഷിഖിന് അവസരം നഷ്ടപ്പെടുത്തിയിരുന്നു. എന്നാല്‍ ആഷിഖിന്റെ കഴിവില്‍ വിശ്വാസമുള്ള ക്ലബ്ബ് ആഷിഖിനെ സ്‌പെയിനിലേക്കയക്കാനുള്ള തയ്യാറെടുപ്പിലാണ്. അണ്ടര്‍ 19 ഇന്ത്യന്‍ ടീം അംഗം കൂടിയാണ് ആഷിഖ്. രണ്ട് സീസണില്‍ അണ്ടര്‍ 18 ഐ ലീഗില്‍ പുണെ എഫ്.സിയുടെ ജഴ്‌സിയണിഞ്ഞു. മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് പുണെ എഫ്.സിയുടെ അക്കാദമിയിലത്തെിയത്. ഇവിടെ നിന്ന് എഫ്.സി പുണെ സിറ്റിയില്‍. മലപ്പുറം പട്ടര്‍ക്കടവ് സ്വദേശിയാണ്.