കൊച്ചി: മകന്‍ ജീന്‍പോള്‍ ലാലിനെതിരെയുള്ള കേസില്‍ നടനും സംവിധായകനുമായ ലാല്‍ പ്രതികരിച്ച് രംഗത്തത്തി. പരാതിക്കാരിയായ യുവനടി നനഞ്ഞയിടം കുഴിക്കുകയാണെന്നായിരുന്നു ലാലിന്റെ മറുപടി. ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ പോയതിനാലാണ് നടിക്ക് പ്രതിഫലം കൊടുക്കാത്തതെന്ന് ലാല്‍ പറഞ്ഞു.
നടി സാഹചര്യം മുതലെടുക്കുകയാണ്. ഒരു സീനില്‍ മാത്രമാണ് അഭിനയിക്കേണ്ടിയിരുന്നത്. 50,000രൂപ പ്രതിഫലം പറഞ്ഞിരുന്നു. എന്നാല്‍ പത്ത് ലക്ഷം വേണമെന്നായിരുന്നു നടിയുടെ ആവശ്യം. ഷൂട്ടിങ്ങിനോടും നടി നല്ല രീതിയില്‍ പ്രതികരിച്ചിരുന്നില്ല. ഒരു സീനില്‍ അഭിനയിക്കാന്‍ കംഫര്‍ട്ടബിള്‍ അല്ലെന്നൊക്കെ പറഞ്ഞപ്പോള്‍ ജീന്‍പോള്‍ അവരോട് ദേഷ്യപ്പെട്ടിരുന്നു. അഭിനയിക്കാതെ പോകാനും പറഞ്ഞു. പിന്നീട് അസിസ്റ്റന്റ് ഡയറക്ടര്‍ ആണ് ഇക്കാര്യം അവരെ അറിയിച്ചത്. ഉടന്‍തന്നെ ബാഗെടുത്ത് അവര്‍ പോവുകയായിരുന്നു. കോടതിയില്‍ നിന്നും നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ കുറച്ചുമുമ്പ് വിശദീകരിച്ചിരുന്നു. ചിത്രം ഇറങ്ങിയിട്ട് ഇപ്പോഴാണ് പരാതി വരുന്നതെന്നും ലാല്‍ പറഞ്ഞു.
10ലക്ഷം രൂപ നല്‍കി കേസ് ഒതുക്കില്ല. പരാതിയെ നിയമപരമായി നേരിടും. നടി ആക്രമിക്കപ്പെട്ട സാഹചര്യമുള്ളതിനാല്‍ എന്തും പറയാമെന്ന അവസ്ഥയാണ്. സെന്‍സേഷണലാകും എന്നറിയാം. അനാവശ്യപരാതിക്കു പിന്നില്‍ ആരുമില്ലെന്നാണ് കരുതുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന ഇല്ലെന്നാണ് ആദ്യം തോന്നിയത്. പിന്നീടാണ് കേസ് മാറിമറിഞ്ഞത്. അതിനാല്‍ അതിലൊന്നും പറയാനില്ലെന്നും ലാല്‍ വ്യക്തമാക്കി.
ജീന്‍ പോള്‍ ലൈംഗികചുവയോടെ സംസാരിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊച്ചി പനങ്ങാട് പോലീസാണ് കേസെടുത്തത്. നടന്‍ ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.