X

കടല്‍ തീരത്ത് നിന്ന് 20 മീറ്ററിനുള്ളില്‍ വരുന്ന വീടുകള്‍ പൊളിക്കണം; ലക്ഷദ്വീപില്‍ വീണ്ടും വിവാദ ഉത്തരവ്

കൊച്ചി: ലക്ഷദ്വീപില്‍ വീണ്ടും കെട്ടിടങ്ങള്‍ പൊളിക്കാനുള്ള വിവാദ ഉത്തരവുമായി ഭരണകൂടം. കടല്‍ തീരത്ത് നിന്ന് 20 മീറ്ററിനുള്ളില്‍ വരുന്ന വീടുകളും കക്കൂസുകളും മറ്റ് കെട്ടിടങ്ങളും പൊളിക്കണമെന്നാണ് നിര്‍ദേശം. കവരത്തി, സുഹലി ദ്വീപ് നിവാസികള്‍ക്കാണ് ഡെപ്യൂട്ടി കളക്ടര്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്.

ഈ മാസം 30നുള്ളില്‍ നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണം. ഈ രണ്ട് ദ്വീപുകളിലേയും നിരവധി പേര്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. 1965ലെ ലാന്‍ഡ് റവന്യൂ ടെനന്‍സി റെഗുലേഷനിലെ 20(1) വകുപ്പിന്റെ ലംഘനമാണെന്ന് ഇത്തരത്തിലുള്ള നിര്‍മാണമെന്നും ഈ നിയമത്തിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായി ഇതര ആവശ്യങ്ങള്‍ക്കായി ഭൂമി ഉപയോഗിച്ചിരിക്കുന്നുവെന്നുമാണ് നോട്ടിസിലെ വാദം.

ഈ നിയമപ്രകാരം ഇത്തരം ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ ഭൂമി തരംമാറ്റുന്നതിനോ അല്ലെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണം.

ആള്‍പ്പാര്‍പ്പില്ലാത്ത ഷെഡ്ഡുകള്‍ പൊളിക്കാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ ഷെഡ്ഡുകള്‍ മത്സ്യതൊഴിലാളികള്‍ സ്വമേധയ പൊളിച്ചില്ലെങ്കില്‍ റവന്യ വകുപ്പ് അത് ചെയ്യും. പൊളിക്കാനുള്ള ചെലവ് തൊഴിലാളികളില്‍ നിന്നും ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

 

 

Test User: