തിരുവനന്തപുരം: ലക്ഷ്മി നായര്‍ക്കെതിരെ ലോ അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ള. ലക്ഷ്മി നായര്‍ രാജിവെച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് അയ്യപ്പന്‍പിള്ള പറഞ്ഞു. ലോ അക്കാദമിക്ക് മുന്നിലെ ബിജെപി സമരപന്തലിലെത്തിയാണ് അയ്യപ്പന്‍ പിള്ള രാജിവെക്കുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥി സമരം തുടരുന്ന സാഹചര്യത്തില്‍ ലക്ഷ്മി നായര്‍ രാജിവെക്കുകയാണ് വേണ്ടതെന്നും ഇന്ന് നടക്കുന്ന ചര്‍ച്ചയിലും സമവായമുണ്ടായില്ലെങ്കില്‍ താന്‍ രാജിവെച്ചൊഴിയുമെന്നാണ് അയ്യപ്പന്‍ പിള്ള പറഞ്ഞു.
വിദ്യാര്‍ത്ഥി സമരം ശക്തമായപ്പോള്‍ പ്രിന്‍സിപ്പലിന്റെ അധികാരം വെട്ടിക്കുറക്കുന്നതിന് നിര്‍ദ്ദേശവുമായി അയ്യപ്പന്‍പിള്ള രംഗത്തെത്തിയിരുന്നു. ലോ അക്കാദമി പ്രിന്‍സിപ്പാലിന്റെ അധികാരം വെട്ടിക്കുറയ്ക്കാമെന്നും ഇന്റേണല്‍ മാര്‍ക്കിലടക്കം വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിക്കുന്ന കാര്യങ്ങളില്‍ പ്രിന്‍സിപ്പള്‍ ലക്ഷ്മി നായരുടെ അധികാരം വെട്ടിക്കുറയ്ക്കാമെന്നും നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജിവെച്ചൊഴിഞ്ഞില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
പ്രിന്‍സിപ്പാലിന്റെ രാജിയല്ലാതെ മറ്റു ലക്ഷ്യമില്ലെന്നായിരുന്നു എസ്.എഫ്.ഐ അറിയിച്ചിരുന്നത്. അഞ്ചുവര്‍ഷത്തേക്ക് പ്രിന്‍സിപ്പാല്‍ സ്ഥാനത്തുനിന്ന് മാറി നില്‍ക്കണമെന്ന ആവശ്യം പിന്നീട് എസ്.എഫ്.ഐ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ സമരവുമായി മുന്നോട്ട് പോവുകയും ചെയ്തു. സമരം ഇപ്പോഴും ശക്തമായി മുന്നോട്ട് പോവുകയാണ്.