X

ലക്ഷ്മി നായര്‍ക്കെതിരെ കൂടുതല്‍ പരാതികളുമായി വിദ്യാര്‍ത്ഥികള്‍

രാജേഷ് വെമ്പായം

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ദളിത് വിദ്യാര്‍ത്ഥികളെക്കൊണ്ട് പ്രിന്‍സിപ്പലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ജോലി ചെയ്യിച്ചതായും ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും വിദ്യാര്‍ത്ഥികള്‍ ഉപമസമിതിക്ക് മുന്നില്‍ പരാതിപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലും പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനിലും പരാതി നല്‍കി. അതേസമയം, സമരം നടത്തുന്ന വിദ്യാര്‍ത്ഥികളുമായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് നാലിന് മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച.

 

വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ചക്കുശേഷം മാനേജ്‌മെന്റുമായും മന്ത്രി ചര്‍ച്ച നടത്തും. വിഷയത്തില്‍ ഇടപെടണമെന്ന് വിദ്യാഭ്യാസമന്ത്രിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ലോ അക്കാദമിയിലെ സമരപ്പന്തല്‍ സന്ദര്‍ശിച്ചശേഷമാണ് ചെന്നിത്തല പ്രതികരിച്ചത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ ചര്‍ച്ച. സര്‍വകലാശാല ഉപസമിതി നടത്തിയ തെളിവെടുപ്പില്‍ ഓഡിയോ തെളിവുകള്‍ സഹിതമാണ് വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചത്. ഇതില്‍ ഹാജരില്‍ ഇളവു തേടിയെത്തിയ വിദ്യാര്‍ത്ഥിയെ ലക്ഷ്മി നായര്‍ ശകാരിക്കുന്ന ഓഡിയോയും പുറത്തുവന്നു. വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ അടക്കം അവഹേളിക്കുന്ന വിധത്തിലാണ് ഓഡിയോ.

 

ലക്ഷ്മി നായരുടെ വിദ്യാര്‍ത്ഥികളോടുള്ള പെരുമാറ്റം മോശമാണെന്നായിരുന്നു അവര്‍ക്കെതിരെ ഉയര്‍ന്നിരുന്ന പ്രധാന ആരോപണം. ഈ ആരോപണങ്ങള്‍ ശരിവെക്കുന്ന വിധത്തിലാണ് ഓഡിയോ പുറത്തുവന്നിരിക്കുന്നത്. തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ പണിയെടുക്കുന്നതിന് ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഫലമായി ഇന്റേണല്‍ മാര്‍ക്കാണ് ലക്ഷ്മി നായര്‍ നല്‍കുന്നത്. യൂണിഫോമിട്ട് ബിരിയാണി വിളമ്പിച്ചതായും ആരോപണമുണ്ട്. കൂടാതെ ലക്ഷ്മി നായര്‍ കോളജില്‍ എത്തുമ്പോള്‍ ബാഗ് എടുപ്പിക്കുകയും കോളജിലെ മറ്റ് ജോലികള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ചെയ്യുക്കുകയും പതിവാണെന്ന് പരാതി നല്‍കിയ വിദ്യാര്‍ത്ഥി സെല്‍വന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

മറ്റൊരു വിദ്യാര്‍ത്ഥിനിയോട് ഭീഷണി സ്വരത്തില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ടു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കോളജില്‍ എത്താന്‍ സാധിക്കാതിരുന്ന വിദ്യാര്‍ത്ഥിനിയോട് ഇയര്‍ഔട്ട് ആക്കുമെന്ന് പറഞ്ഞാണ് ലക്ഷ്മി നായര്‍ സംസാരിക്കുന്നത്. അസുഖക്കാരിയാണെന്ന് അറിയാതെയാണ് അഡ്മിഷന്‍ നല്‍കിയത്. അക്കാര്യം അറിഞ്ഞിരുന്നുവെങ്കില്‍ അഡ്മിഷന്‍ നല്‍കില്ലായിരുന്നു.

 

അസുഖമുള്ളവര്‍ ഡിഗ്രിക്കോ മറ്റോ ചേര്‍ന്നാല്‍ പോരായിരുന്നോയെന്നും ലക്ഷ്മി നായര്‍ പെണ്‍കുട്ടിയോട് ചോദിക്കുന്നുണ്ട്. തന്റെ സഹപാഠിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ കയറി ഇറങ്ങി നടന്നാണ് അഡ്മിഷന്‍വാങ്ങിയത്. പെണ്‍കുട്ടി ജീവിതകാലം മുഴുവന്‍ തനിക്ക് കുരിശാണെന്നും ലക്ഷ്മിനായര്‍ കുറ്റപ്പെടുത്തുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. മകളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോള്‍ അത് വലിച്ചെറിഞ്ഞ് അധിക്ഷേപിച്ചതായി പെണ്‍കുട്ടിയുടെ മാതാവും വെളിപ്പെടുത്തി.

 

അതേസമയം, വിദ്യാര്‍ത്ഥികളുടെ ആരോപണം ലക്ഷ്മി നായര്‍ നിഷേധിച്ചു. അക്കാദമിയില്‍ അച്ചടക്കം കര്‍ശനമാക്കിയതിലുള്ള വൈരാഗ്യം മൂലമാണ് വിദ്യാര്‍ത്ഥികള്‍ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നു പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഉപസമിതിയെ അറിയിച്ചു. വിദ്യാര്‍ത്ഥികളെയാരെയും ഹോട്ടലില്‍ പണിയെടുക്കാനായി കൊണ്ടുപോയിട്ടില്ല. ആരെയും താന്‍ ജാതി പറഞ്ഞ് ആക്ഷേപിച്ചിട്ടില്ല. ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നത് അധ്യാപകരാണെന്നും താനല്ലെന്നും പ്രിന്‍സിപ്പല്‍ മൊഴി നല്‍കി. സിന്‍ഡിക്കേറ്റ് ഉപസമിതി തെളിവെടുപ്പു പൂര്‍ത്തിയാക്കിയിട്ടുണ്ട്. ശനിയാഴ്ച ചേരുന്ന പ്രത്യേക സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

chandrika: