X

ലക്ഷ്മണക്ക് ആരെ പേടിക്കാന്‍-എഡിറ്റോറിയല്‍

കേരളത്തിന്റെ ഭരണസംവിധാനങ്ങളെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം എത്രമാത്രം മലീമസമാക്കിയിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് പുരാവസ്തു തട്ടിപ്പുകേസില്‍ ഐ.ജി ലക്ഷ്മണിനുള്ള പങ്ക്. കേസില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കലുമായി ഉറ്റ ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തതോടെ ആരോപണങ്ങള്‍ കൂടുതല്‍ ബലപ്പെടുകയാണ്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് നടപടിക്ക് നിര്‍ബന്ധിതമായത് കേസിന്റെ ഗൗരവത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ട്രാഫിക് ഐ.ജിയായിരുന്ന ലക്ഷ്മണ്‍, മോന്‍സന്റെ തട്ടിപ്പുകള്‍ക്ക് ഇടനിലക്കാരനായി നിന്നതിന് നിരവധി തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കീഴുദ്യോഗസ്ഥരായ പൊലീസുകാരെപ്പോലും കരുവാക്കിയാണ് ഐ.ജി കളിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നു. ലക്ഷ്മണ്‍ ഇടനിലക്കാരനായാണ് മോന്‍സന്‍ പുരാവസ്തു വില്‍പന നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. പൊലീസ് സേനക്ക് അവമതിപ്പുണ്ടാക്കുന്ന വിധം പൊലീസ് ക്ലബ്ബ് പോലും തട്ടിപ്പിന് വേദിയാക്കി. പുരാവസ്തുക്കള്‍ വില്‍ക്കാന്‍ സഹായിച്ച ആന്ധ്ര സ്വദേശിനി സുചിതയെ മോന്‍സന് പരിചയപ്പെടുത്തിക്കൊടുത്തത് ലക്ഷ്മണ്‍ ആയിരുന്നു. കച്ചവടത്തിന് പൊലീസുദ്യോസ്ഥരാണ് മാവുങ്കലിന്റെ വീട്ടില്‍നിന്ന് പുരാവസ്തുക്കള്‍ എത്തിച്ചിരുന്നതെന്ന വസ്തുത ഏറെ ഞെട്ടലുളവാക്കുന്നുണ്ട്. പുരാവസ്തു തട്ടിപ്പുകേസില്‍ ഇതുവരെയും മൗനം പാലിച്ചിരുന്ന സംസ്ഥാന സര്‍ക്കാറിന് ജീവനുള്ള തെളിവുകള്‍ മുന്നിലുള്ളപ്പോള്‍ ഐ.ജിക്കെതിരെ നടപടിയല്ലാതെ നിര്‍വാഹമുണ്ടായിരുന്നില്ല.

ഇടതുപക്ഷ സര്‍ക്കാരിന് കീഴില്‍ ഉദ്യോഗസ്ഥ മേധാവിത്വം അരങ്ങു തകര്‍ക്കുകയാണെന്നാണ് പുരാവസ്തു തട്ടിപ്പുകേസ് തെളിയിക്കുന്നത്. പിണറായി സര്‍ക്കാരിനെ ഉദ്യോഗസ്ഥര്‍ ഹൈജാക്ക് ചെയ്യുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ നിസ്സഹായാവസ്ഥ ഉദ്യോഗസ്ഥര്‍ മുതലെടുക്കുകയാണ്. അവിശ്വസനീയവും അസാധാരണവുമായ സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലായതും സര്‍ക്കാര്‍ നടത്തിയ ഒളിച്ചുകളികളും കേരളം കണ്ടതാണ്. എന്തു ചെയ്താലും ചോദിക്കാനും പറയാനും ആരുമില്ലന്ന തോന്നലാണ് ഉദ്യോഗസ്ഥരെ ഇത്രയെല്ലാം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തം. സത്യസന്ധരായ സാധാരണ ഉദ്യോഗസ്ഥര്‍ക്കുപോലും കൃത്യമായി ജോലി ചെയ്യാന്‍ സാധിക്കാത്ത വിധം ഉന്നത ഉദ്യോഗസ്ഥരുടെ സമാന്തര ഭരണവും തട്ടിപ്പുകളും വളര്‍ന്നിരിക്കുന്നു. രാഷ്ട്രീയ പ്രബുദ്ധതക്കും താരതമ്യേന ഭരണസംവിധാന മികവിനും പേരുകേട്ട കേരളത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്. തട്ടിപ്പുകാര്‍ക്കും മാഫിയകള്‍ക്കും ഭരണത്തിന്റെ ഉന്നതസ്ഥാനത്ത് സ്വാധീനമുറപ്പിക്കാന്‍ സാധിക്കുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് മാത്രമാണ്. മന്ത്രിമാരുടെ കഴിവുകേടും വിവരക്കേടും മുതലെടുക്കാന്‍ തക്കംപാര്‍ത്തിരിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍.
അതോടൊപ്പം തട്ടിപ്പുകളില്‍ പങ്കുപറ്റുന്നവരായി മന്ത്രിമാര്‍ അധ:പതിക്കുന്നതും പതിവായിരിക്കുന്നു. മന്ത്രിമാര്‍ പ്രതിക്കൂട്ടിലാകുമെന്ന് ഉറപ്പുള്ള കേസുകളില്‍ ഉദ്യോഗസ്ഥരെ പഴിചാരി സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രവണതയും വര്‍ദ്ധിച്ചിട്ടുണ്ട്. സമീപകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ കൊള്ളയായിരുന്നു മുട്ടില്‍ മരംമുറി കേസ്. സി.പി.ഐ മന്ത്രിമാര്‍ ഭരിച്ചിരുന്ന രണ്ട് പ്രധാന വകുപ്പുകള്‍ക്ക് സംഭവത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് ബോധ്യമായിട്ടും എല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് തടിയെടുക്കുകയായിരുന്നു സര്‍ക്കാര്‍.

ഉദ്യോഗസ്ഥരുടെ വഴിവിട്ട കളികള്‍ ഏറെ സജീവമാകുന്നത് ഇടതുപക്ഷ ഭരണ കാലത്താണെന്നതാണ് ഇതുവരെയുള്ള അനുഭവം. പിണറായി സര്‍ക്കാറിനു കീഴില്‍ അധികാര സ്ഥാനത്ത് പിടിപാടുള്ളവര്‍ നിയമത്തിന്റെ ചങ്ങല പൊട്ടിച്ച് പുറത്തു ചാടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകനെ മദ്യലഹരിയില്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാറിന് അല്‍പം പോലും സങ്കോചമുണ്ടായില്ല. എത്ര ഗുരുതരമായ കേസിലും തടി കേടാകാതെ രക്ഷപ്പെടാന്‍ സാധിക്കുമെന്ന തോന്നല്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്. ഏറിയാല്‍ സ്ഥലം മാറ്റത്തിലും സസ്‌പെന്‍ഷനിലും ശിക്ഷാനടപടികള്‍ ഒതുങ്ങുമെന്ന് അവര്‍ക്കറിയാം. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കാര്യത്തിലാണെങ്കില്‍ ശിക്ഷാനടപടികള്‍ പൂര്‍ത്തിയാകണമെങ്കില്‍ കടമ്പകള്‍ ഏറെ കടക്കേണ്ടതുമുണ്ട്. എന്തു വന്നാലും ജോലി ഭദ്രമാണെന്ന തോന്നലുണ്ടാകുന്നതാണ് ഉന്നത ഉദ്യോഗസ്ഥരെ വഴിവിട്ട രീതിയില്‍ നീങ്ങാന്‍ പ്രേരിപ്പിക്കുന്നത്. ഉദ്യോഗസ്ഥ മേഖല ശുദ്ധീകരിക്കുന്നതിനും സാധാരണക്കാരന് ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ സുലഭമായി ലഭിക്കുന്നതിനും നിയമത്തിലും നടപടിക്രമങ്ങളിലും വലിയ പൊളിച്ചെഴുത്ത് ആവശ്യമാണ്.

Test User: