ലക്ഷദ്വീപിലെ സാഹചര്യങ്ങള്‍ സ്‌ഫോടനാത്മകമാക്കുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ചെയ്യുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.
അനുദിനം വഷളായികൊണ്ടിരിക്കുന്ന അവിടത്തെ സാഹചര്യങ്ങള്‍ പലപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും അതില്‍ ഇടപെടാന്‍ തയ്യാറായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. പുതിയ സാഹചര്യത്തില്‍ രണ്ട് സര്‍ക്കാരുകളുടെയും ശ്രദ്ധ കൊണ്ടുവരുന്നതിന് വേണ്ടി പ്രധാനമന്ത്രി, മുഖ്യ മന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് ഇ. ടി അടിയന്തര സന്ദേശം അയച്ചു.
രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിന് ഉണ്ടായിരുന്ന എയര്‍ ആംബുലന്‍സ് സംവിധാനം നിര്‍ത്തിവെക്കാനുള്ള എല്ലാ കുബുദ്ധികളും പ്രയോഗിച്ചുകൊണ്ടിരിക്കുന്നതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. അതിന് പുറമെ ഇപ്പോള്‍ പിരിച്ചുവിട്ട താത്കാലിക ജീവനക്കാര്‍ക്ക് പുറമെ ബാക്കിയുള്ളവരെയും പ്രവര്‍ത്തനക്ഷമതയുടെ പേരില്‍ മാര്‍ക്കിടല്‍ സംവിധാനം കൊണ്ട് വന്ന് പിരിച്ചുവിടാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. അത് കൂടാതെ ബംഗാര ദ്വീപും ഗസ്റ്റ് ഹൗസും മറ്റും സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കങ്ങളും നടക്കുന്നുവെന്നും ഇ. ടി കത്തില്‍ ചൂണ്ടിക്കാട്ടി.