ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ തദ്ദേശവാസികളുടെ അഭിപ്രായം മാനിക്കാതെ പുതിയ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. തദ്ദേശവാസികളുടെ എതിര്‍പ്പ് മറികടന്ന് നിയമം അന്തിമമായി തീരുമാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി എംപി പറഞ്ഞു. തിങ്കളാഴ്ച അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മുഹമ്മദ് ഫൈസലിന്റെ പ്രതികരണം.
അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങളുടെ കരടിനെ ശക്തമായി എതിര്‍ത്തെന്നും എംപി പറഞ്ഞു. പ്രഫുല്‍ പട്ടേലിനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ അമിത്ഷായോട് ആവശ്യപ്പെട്ടതായും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഗോവധ നിരോധനം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രണ്ടിലധികം കുട്ടികള്‍ പാടില്ല എന്ന മാനദണ്ഡം എന്നിവയിലെ എതിര്‍പും അമിത്ഷായെ അറിയിച്ചു.