അഷ്‌റഫ് തൈവളപ്പ്
കൊച്ചി
സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായില്ലെങ്കിലും കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാവുന്നു. വോട്ടര്‍മാരുടെ എണ്ണത്തില്‍ രാജ്യത്തെ ഏറ്റവും ചെറിയ ലോക്‌സഭ മണ്ഡലമാണ് ലക്ഷദ്വീപ്. എണ്‍പതിനായിരത്തോളം ജനസംഖ്യ മാത്രമുള്ള ദ്വീപില്‍ ആകെയുള്ളത് 54,266 വോട്ടര്‍മാര്‍. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 11നാണ് ദ്വീപിലും വോട്ടെടുപ്പ്. മുന്നണികള്‍ക്കതീതമായി കോണ്‍ഗ്രസും എന്‍.സി.പിയും തമ്മിലാണ് ഇവിടെ നേര്‍ക്കുനേര്‍ മത്സരം. വര്‍ഷങ്ങളായി കോണ്‍ഗ്രസ് ജയിച്ചിരുന്ന ലോക്‌സഭ സീറ്റില്‍ കഴിഞ്ഞ തവണ എന്‍.സി.പിയുടെ പി.പി മുഹമ്മദ് ഫൈസലിനായിരുന്നു വിജയം. മുന്‍ കേന്ദ്രമന്ത്രിയും ദീര്‍ഘകാലം ദ്വീപിനെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുകയും ചെയ്ത പി.എം സഈദിന്റെ മകന്‍ മുഹമ്മദ് ഹംദുള്ള സഈദായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 1535 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു എന്‍സിപിയുടെ വിജയം. കഴിഞ്ഞ തവണ നേരിയ വോട്ടുകള്‍ക്ക് കൈവിട്ട സീറ്റ് ഏതു വിധേനയും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 2009ല്‍ വിജയം കണ്ട ഹംദുള്ള സയീദിനെ തന്നെ ഇത്തവണയും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് പ്രവര്‍ത്തകരും നേതാക്കളും. സിറ്റിങ് എം.പിയെ തന്നെയാണ് എന്‍.സി.പി വീണ്ടും മത്സര രംഗത്തിറക്കുന്നത്.
കോണ്‍ഗ്രസിനും എന്‍സിപിക്കും പുറമെ സിപിഎം, സിപിഐ, ജെ.ഡി (യു), ബിജെപി തുടങ്ങിയ കക്ഷികളും ഇത്തവണ മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ ഈ കക്ഷികളുടെ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും അഞ്ഞൂറിലധികം വോട്ടു നേടാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ വോട്ടു വിഹിതം കൂട്ടി ദ്വീപില്‍ സാന്നിധ്യമറിയിക്കല്‍ മാത്രമാണ് ഈ പാര്‍ട്ടികളുടെ ലക്ഷ്യം. സിറ്റിങ് എം.പിയുടെ അനാസ്ഥയും ഭരണ പരാജയവും കാരണം കഴിഞ്ഞ അഞ്ചു വര്‍ഷമായി സര്‍വ മേഖലയിലും ദ്വീപ് ജനത അവഗണിക്കപ്പെട്ടുവെന്നും ശക്തമായ കോണ്‍ഗ്രസ് വികാരമാണ് ദ്വീപിലുള്ളതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. ദ്വീപിന് 13 എംബിബിഎസ് സീറ്റുകളുണ്ടായിരുന്നത് ഒന്നായി വെട്ടികുറക്കപ്പെട്ടു, അ്യൂഞ്ച് ദ്വീപുകളിലെ ഗവ.പ്രസുകള്‍ അടച്ചു പൂട്ടി, റേഷന്‍ പഞ്ചസാര ഇല്ലാതാക്കി, റേഷന്‍ അരിയുടെ അളവും വെട്ടിക്കുറച്ചു, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെട്ടു, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അവതാളത്തിലായി തുടങ്ങിയ വിഷയങ്ങളും കോണ്‍ഗ്രസ് പ്രചാരണ വിഷയമാക്കുന്നുണ്ട്.