വയനാട് ലക്കിടിയില്‍ ഇന്നലെ രാത്രി നടന്ന പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സംശയം പ്രകടിപ്പിച്ച് മനുഷ്യാവകാശപ്രവര്‍ത്തകര്‍. കൊല്ലപ്പെട്ട ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.പി റഷീദ്, വയനാട്ടിലെ മനുഷ്യാവകാശപ്രവര്‍ത്തകനായ ഡോ. പി.ജി ഹരി, പോരാട്ടം ജനറല്‍ കണ്‍വീനര്‍ ഷാന്റോ ലാല്‍ എന്നിവരാണ് സംഭവത്തില്‍ നിരവധി ദുരൂഹതകളുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.
വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ മൃതശരീരം കാണാന്‍ തന്നെ അനുവദിച്ചില്ലെന്ന് സഹോദരന്‍ സി.പി റഷീദ് ആരോപിച്ചു. ജലീലിന്റെ മൃതശരീരം കാണുന്നതില്‍ നിന്നും പൊലീസ് വിലക്കിയത് ദൂരൂഹത പരത്തുന്നതാണെന്ന് സഹോദരന്‍ പറഞ്ഞു.
കൊലപാതകത്തില്‍ സംശയമുണ്ട് സഖാവ് .സി .പി ജലീല്‍ ആണെങ്കില്‍ അദ്ദേഹം എന്റെ അനിയനാണ് .എന്ത് കൊണ്ട് ഡെഡ് ബോഡി എന്ന കാണാന്‍ അനുവദികുന്നില്ല, സി.പി റഷീദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ബുധനാഴ്ച രാത്രിയാണ് ലക്കിടിയിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപം മാവോവാദികളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഇയാള്‍ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വെടിവയ്പ് നടന്ന സ്വകാര്യ റിസോര്‍ട്ടിനു സമീപം കമഴ്ന്നുകിടന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പൊലീസുമായി നേരിട്ടൊരു ഏറ്റുമുട്ടല്‍ നടന്നിട്ടോണ്ടോയെന്ന കാര്യത്തില്‍ ഇത് സംശയമുണ്ടാക്കുന്നു. രാത്രി ഒമ്പതു മണിയോടെ റിസോര്‍ട്ടിലെത്തിയ നാലംഗ മാവോവാദി സംഘവുമായി പുലര്‍ച്ചെ നാലര വരെ ഏറ്റുമുട്ടല്‍ നടന്നെന്നാണ് പൊലീസ് പറയുന്നത്. ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് പരിയ്ക്ക് പറ്റിയെന്നും പറയുന്നുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. മാവോവാദി സംഘത്തിലുണ്ടായിരുന്ന വേല്‍ മുരുകന്‍ എന്നയാള്‍ മരിച്ചെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഇന്ന് രാവിലെയാണ് മരിച്ചത് ജലീലെന്ന് പൊലീസ് അറിയിക്കുന്നത്. പോലിസ് വെടിവെപ്പില്‍ പരിക്കേറ്റ ജലീലിനെ വൈദ്യസഹായം നല്‍കാതെ മരണത്തിന് വിട്ടു കൊടുക്കുകയായിരുന്നെന്ന് ഷാന്റോ ലാല്‍ ആരോപിക്കുന്നു.
ഇനിയും ആരെങ്കിലും പൊലീസിന്റെ കസ്റ്റഡിയിലുണ്ടെങ്കില്‍ അവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കണമെന്നും അവരെ എത്രയും പെട്ടന്ന് കോടതിയില്‍ ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെടിവയ്പ്പ് നടന്ന റിസോര്‍ട്ടിന്റെ പരിസരത്തേയ്ക്ക് പൊലീസ് ഒരാളെയും കടത്തി വിട്ടിട്ടില്ല. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും വിലയ്ക്കുണ്ട്. പൊലീസ് പുറത്തു വിടുന്ന വാര്‍ത്തകള്‍ മാത്രമാണ് വരുന്നത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കണമെന്നും ഏറ്റുമുട്ടലിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും ഷാന്റോ ലാല്‍ ആവശ്യപ്പെട്ടു.