X

ചൈനയില്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ട് കൂട്ട ഡി.എന്‍.എ ശേഖരണം

ബീജിങ്: ചൈനയിലെ മുസ്്‌ലിം ഭൂപരിപക്ഷ സിന്‍ജിയാങ് മേഖലയില്‍ ആളുകളുടെ ഡി.എന്‍.എന്‍ സാമ്പിലുകള്‍ ശേഖരിക്കാന്‍ വന്‍ പദ്ധതിയുമായി ചൈന. മുസ്്‌ലിം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് നടത്തുന്ന ഡി.എന്‍.എ ശേഖരത്തിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഡിഎന്‍.എ ശേഖരിക്കാന്‍ വേണ്ടി മാത്രം സാധാരണക്കാരായ പൗരന്‍മാരോട് ചൈനീസ് ഭരണകൂടം രക്ത സാമ്പിള്‍ ചോദിക്കുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു. ലോകത്തെ നിരവധി രാജ്യങ്ങള്‍ കുറ്റവാളികളുടെയും സംശയപ്പട്ടികയില്‍ ഉള്ളവരുടെയും ഡി.എന്‍.എ ശേഖരം സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ പൗരന്മാരെ മുഴുവന്‍ കരിനിഴലില്‍ നിര്‍ത്തി ഡി.എന്‍.എ ശേഖരിക്കുന്നത് ആദ്യമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

ഡി.എന്‍.എ ശേഖരിക്കുന്നതിനുവേണ്ടി 1000 കോടി ഡോളറിന്റെ ഉപകരണങ്ങളാണ് ചൈന വാങ്ങിയിരിക്കുന്നത്. മുസ്്‌ലിംകളെയും മറ്റു ന്യൂനപക്ഷളെയും വേട്ടയാടാന്‍ ചൈനീസ് ഭരണകൂടം ഇത് ദുര്‍വിനിയോഗം ചെയ്‌തേക്കുമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് മുന്നറിയിപ്പുനല്‍കി. പൗരന്മാരുടെ സ്വകാര്യതക്കുനേരെയുള്ള കടന്നാക്രമണമാണ് ഇതെന്ന് സംഘടന അഭിപ്രായപ്പെട്ടു.

ഭീകരവിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ ഷിന്‍ജിയാങില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ചൈന കൊണ്ടുവരുന്നത്. പുരുഷന്മാര്‍ താടി നീട്ടിവളര്‍ത്തുന്നതിനും സ്ത്രീകള്‍ മുഖാവരണം ധരിക്കുന്നതിനും കമ്യൂണിസ്റ്റ് ഭരണകൂടം അടുത്തിടെ വിലക്കേര്‍പ്പെടുത്തിയിരുന്നു. 1989 മുതലാണ് ചൈന ഡി.എന്‍.എ ശേഖരിച്ചു തുടങ്ങിയത്. ചൈനീസ് ഭരണകൂടത്തിന്റെ കൈവശം ഇപ്പോള്‍ നാലു കോടി ആളുകളുടെ ഡി.എന്‍.എ സാമ്പിളുണ്ട്. എന്നാല്‍ അമേരിക്കയുടെ കൈയില്‍ 1.27 കോടി ആളുകളുടെ ഡി.എന്‍.എ ആണുള്ളത്.

chandrika: