ബീഹാറില്‍ ലക്ഷക്കണക്കിന് രൂപയുടെ മദ്യം റോഡ് റോളറുപയോഗിച്ച് നശിപ്പിച്ചു

പാട്‌ന: ബീഹാറില്‍ ലക്ഷക്കണക്കിന് രൂപയുടെ മദ്യം പിടിച്ചെന്നും സ്റ്റേഷനുകളില്‍ അവ ശേഖരിക്കപ്പെട്ടിട്ടുണ്ടെന്നുമുള്ള വാര്‍ത്തകള്‍ വന്നിട്ട് ഒരാഴ്ച കഴിഞ്ഞില്ല. ഇപ്പോള്‍ ബീഹാര്‍ വീണ്ടും വാര്‍ത്താ പ്രാധാന്യം നേടുന്നു. മദ്യക്കുപ്പികളുടെ വന്‍ ശേഖരം ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിക്കുന്നതാണ് ഇത്തവണ വാര്‍ത്തയിലിടം നേടിയിരിക്കുന്നത്.

90 ലക്ഷം രൂപ വിലമതിക്കുന്ന 17,586 ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യക്കുപ്പികളാണ് ഇന്നലെ കൂട്ടത്തോടെ നശിപ്പിച്ചു കളഞ്ഞത്. പാട്‌നയിലെ തന്നെയുള്ള ഖാഗോളിലെ ഗോഡൗണില്‍ നിന്നാണ് എക്‌സൈസ് വകുപ്പ് നശിപ്പിക്കപ്പെട്ടവയില്‍ ഭൂരിഭാഗവും പിടിച്ചെടുത്തത്. പാട്‌ന ജില്ല മജിസ്‌ട്രേറ്റ് ഓഫീസിന് സമീപത്തായിരുന്നു റോഡ് റോളര്‍ ഉപയോഗിച്ച് കൊണ്ടുള്ള നശിപ്പിക്കല്‍ യജ്ഞം നടന്നത്.
നളന്ദ ജില്ലയിലെ ചാന്ദി പൊലീസ് സ്റ്റേഷനിലും സമാനമായ രീതിയില്‍ മദ്യക്കുപ്പികള്‍ കൂട്ടത്തോടെ നശിപ്പിച്ചിരുന്നു. 75 ലക്ഷം രൂപ വിലമതിക്കുന്ന 4,172 ഫുള്‍ ബോട്ടിലുകളാണ് തകര്‍ത്തത്. 24 കേസുകളിലായി കണ്ടുകെട്ടിയ മദ്യക്കുപ്പികള്‍ നശിപ്പിക്കാന്‍ ജില്ല മജിസ്‌ട്രേറ്റാണ് ഉത്തരവിട്ടത്. മദ്യനിരോധനം യാഥാര്‍ഥ്യമാവും വരെ റെയ്ഡുകളും നശിപ്പിക്കലും തുടരുമെന്നും നളന്ദ പൊലീസ് സൂപ്രണ്ട്് കുമാര്‍ ആശിഷ് പറഞ്ഞു.
2016 ഏപ്രലിലാണ് സമ്പൂര്‍ണ മദ്യനിരോധനം ബീഹാര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. അതിന് ശേഷം 8 ലക്ഷം ലിറ്ററിലേറെ മദ്യമാണ് പിടിച്ചെടുത്തത്. 38 ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലാണ് ഈ ശേഖരം സൂക്ഷിച്ചുവെച്ചിരുന്നത്.

chandrika:
whatsapp
line